സിപിഎം വാക്കുപാലിച്ചു; വി അബ്ദുറഹ്മാന്‍ മന്ത്രിയായി

മന്ത്രിസ്ഥാനം ഉറപ്പുനല്‍കിയും സമ്മര്‍ദ്ദം ചെലുത്തിയും വി അബ്ദുറഹ്മാനെ പാര്‍ട്ടി വീണ്ടും മത്സര രംഗത്തേക്ക് ഇറക്കുകയായിരുന്നു

Update: 2021-05-18 11:14 GMT

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ താനൂരില്‍ നിന്നും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്പിച്ചു നിയമസഭയിലെത്തിയ വി അബ്ദുറഹ്മാന്‍ ഇത്തവണ മത്സര രംഗത്തേക്ക് ഇല്ലെന്ന് ആദ്യമേ പാര്‍ട്ടിയോടും സുഹൃത്തുക്കളോടും വ്യക്തമായി പറഞ്ഞതായിരുന്നു. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പേ വി അബ്ദുറഹ്മാന്റെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇത്തവണ താനൂരില്‍ മത്സരിക്കണം എന്നും വിജയിച്ചാല്‍ മന്ത്രിയാക്കാമെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ വാഗ്ദാനം.

വ്യാപാര പ്രമുഖനായ തന്നെപ്പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റിയതല്ലെന്ന് വി അബ്ദുറഹ്മാന്‍ അഞ്ചുവര്‍ഷംകൊണ്ട് തിരിച്ചറിഞ്ഞിരുന്നു അതിനാല്‍ തന്നെ ഇത്തവണ മത്സരത്തിന് ഇല്ലെന്നും തന്നെ വെറുതെ വിടണമെന്നും അദ്ദേഹം പാര്‍ട്ടിയോടും നേതാക്കളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ വി അബ്ദുറഹ്മാന്‍ ഇല്ലെങ്കില്‍ താനൂര്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ദൂതന്‍ ആയാണ് വിജയരാഘവന്‍ തിരൂരില്‍ എത്തിയത് മന്ത്രിസ്ഥാനം ഉറപ്പുനല്‍കിയും സമ്മര്‍ദ്ദം ചെലുത്തിയും വി അബ്ദുറഹ്മാനെ പാര്‍ട്ടി വീണ്ടും മത്സര രംഗത്തേക്ക് ഇറക്കുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

അങ്ങിനെയൊക്കെയാണ് 2021 വീണ്ടും താനൂരില്‍ നിന്ന് മത്സരിക്കാന്‍ വി അബ്ദുറഹ്മാന്‍ തയ്യാറായത് കടുത്ത മത്സരത്തിനൊടുവില്‍ 985 വോട്ടുകള്‍ക്ക് യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി പി കെ ഫിറോസിനെ തോല്‍പ്പിക്കുകയും ചെയ്തു. നീണ്ട 60 വര്‍ഷം മുസ്‌ലിം ലീഗ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലത്തില്‍ രണ്ടാം തവണയും അത്ഭുത വിജയം നേടി എന്നത് അബ്ദുറഹ്മാന് ജനഹൃദയത്തിലുള്ള അംഗീകാരത്തിന്റെ തെളിവായിരുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി വി അബ്ദുറഹ്മാനെ തേടി ഇപ്പോള്‍ മന്ത്രിപദവി എത്തിയിരിക്കുന്നു.

താനൂരില്‍ നിന്നും മന്ത്രിയാകുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് വി അബ്ദുറഹ്മാന്‍. 1977ല്‍ താനൂരില്‍ നിന്നും മത്സരിച്ച യു എ ബീരാന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമാവുകയായിരുന്നു 1982ല്‍ ഇവിടെ നിന്നും വിജയിച്ച ഇ അഹമ്മദ് കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രി ആവുകയുണ്ടായി താനൂര്‍ സ്വദേശിയായ കെ കുട്ടി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായത് തിരൂരങ്ങാടിയില്‍ നിന്നും വിജയിച്ചപ്പോള്‍ ആയിരുന്നു

വി അബ്ദുറഹ്മാന്റെ അഞ്ചാമത്തെ മത്സരമായിരുന്നു താനൂരിലേത്. രണ്ടു തവണ തിരൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച അദ്ദേഹം ഒരുതവണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയും അടുത്ത തവണ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞ് ഇടതുപക്ഷ സ്വതന്ത്രനായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. 165000 വോട്ടുകള്‍ക്ക് ഇ. ടി മുഹമ്മദ് ബഷീര്‍ മുന്‍വര്‍ഷങ്ങളില്‍ വിജയിച്ച മണ്ഡലത്തില്‍ വി അബ്ദുറഹ്മാന്‍ എതിര്‍ സ്ഥാനാര്‍ഥി ആയതോടെ 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇ ടി കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു എന്ന് പറയുന്നതാവും ശരി. 2016ല്‍ താനൂര്‍ മണ്ഡലം ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് പിടിച്ചു കൊടുത്തു എന്നത് അബ്ദുറഹ്മാനെ സി പി എമ്മിനും ഇടതുപക്ഷത്തിനും അങ്ങേയറ്റം ഇഷ്ടക്കാരന്‍ ആക്കുകയായിരുന്നു.




 


തിരൂര്‍ പൊറൂരില്‍ വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടേയും ഖദീജയുടേയും മകന്‍നായ അബ്ദുറഹ്മാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. കെ എസ് യു വിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. താനൂരിന്റെ മുഖച്ഛായ മാറ്റിയ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കഴിഞ്ഞു. സാജിതയാണ് അബ്ദുറഹ്മാന്റെ ഭാര്യ. മക്കള്‍: അഹമ്മദ് അമന്‍ സന്‍ജീത്, റിസ്‌വാന ഷെറിന്‍, നിഹാല നവല്‍. മരുമകന്‍ മിഷാദ് അഷ്‌റഫ് ചെന്നൈ

Tags:    

Similar News