ഭീരുക്കള്‍ക്ക് പോരാട്ടം തുടരാനാവില്ല; കോണ്‍ഗ്രസ് വിട്ട ആര്‍ പി എന്‍ സിങ്ങിനെതിരേ കോണ്‍ഗ്രസ്
ലഖ്‌നോ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയ്‌ക്കെതിരേ നടത്തുന്ന പോരാട്ടം പ്രത്യയശാസ്ത്രത്തിന്റേതാണെന്നും ഭീരുക്കള്‍ക്ക് അത് തുടരാനാവില്ലെന്നും കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹ മന്ത്രിയുമായിരുന്ന ആര്‍ പി എന്‍ സിങ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് തങ്ങളുടെ പഴയ നേതാവിനെതിരേ കോണ്‍ഗ്രസ് ആഞ്ഞടിച്ചത്.
'രാജ്യത്തുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം സര്‍ക്കാര്‍ സ്രോതസ്സുകള്‍ക്കും അതിന്റെ ഏജന്‍സികള്‍ക്കും എതിരായ പോരാട്ടമാണ്. ഇത് പ്രത്യയശാസ്ത്രത്തിന്റെയും സത്യത്തിന്റെയും പോരാട്ടമാണ്, ഇതുപോലെ ശക്തമായ ഒരു പോരാട്ടമാണ് വേണ്ടത്. ധൈര്യത്തോടെയും അര്‍പ്പണബോധത്തോടെയുമുള്ള ഈ പോരാട്ടം ഭീരുക്കള്‍ക്കുവേണ്ടിയുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല''- കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്‍ഡെ റിപോര്‍ട്ടര്‍മാരോട് പ്രതികരിച്ചു.
'പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞതുപോലെ, ഈ യുദ്ധത്തില്‍ പോരാടുന്നതിന് നിങ്ങള്‍ നിങ്ങളുടെ കാലിന്റെ പെരുവിരലില്‍ നില്‍ക്കണം, അതിന് നിങ്ങള്‍ക്ക് ധൈര്യം വേണം, ഒരു ഭീരുവിന് ഈ യുദ്ധത്തില്‍ പങ്കെടുക്കാനാവില്ല''- അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുന്ന ഏറ്റവും വലിയ മൂന്നാമത്തെ നേതാവാണ് ആര്‍പിഎന്‍ സിങ്ങ്. 2019ലാണ് പ്രിയങ്കാ ഗാന്ധി, യുപിയുടെ ചാര്‍ജ് ഏറ്റെടുക്കുന്നത്.
2019ല്‍ ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും ഒരുമിച്ചാണ് യുപിയുടെ ചുമതല വഹിച്ചിരുന്നത്. അടുത്ത വര്‍ഷം സിന്ധ്യ പാര്‍ട്ടി വിട്ടു, കൂട്ടത്തില്‍ മധ്യപ്രദേശില്‍ നിന്ന് ഏതാനും എംഎല്‍എമാരെയും കൂടെക്കൂട്ടി. അതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ വീണു. കഴിഞ്ഞ വര്‍ഷം ജിതിന്‍ പ്രസാദയെന്ന ബ്രാഹ്മണ നേതാവ് പാര്‍ട്ടി വിട്ട്, ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മൂന്ന് പേരും ഗാന്ധി കുടുംബത്തിന്റെ അടുത്ത വൃത്തത്തില്‍ പെടുന്നവരായിരുന്നു.
ബിജെപി ആസ്ഥാനത്തെത്തിയാണ് ആര്‍ പി എന്‍ സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് താക്കൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആര്‍ പി എന്‍ സിങ്ങിനൊപ്പം യുപിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചു. ട്വിറ്ററില്‍ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു 'പുതിയ തുടക്കത്തെക്കുറിച്ച്' അദ്ദേഹം ട്വീറ്റ് ചെയ്തു. അംഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആര്‍ പി എന്‍ സിങ് നന്ദി പറഞ്ഞു.

