45 വയസ്സുകാര്‍ക്ക് കൊവിഡ് വാക്‌സിന്‍ ഇന്നു മുതല്‍ നല്‍കിത്തുടങ്ങും

Update: 2021-04-01 02:58 GMT

ന്യൂഡല്‍ഹി: 45 വയസ്സുകാര്‍ക്ക് ഇന്നു മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി സിഇഒ ഡോ. ആര്‍ എസ് ശര്‍മ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച അവസാന തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തി.

ഇന്ന് മുതല്‍ 45 വയസ്സുള്ള ഏവര്‍ക്കും മുറപ്രകരാം വാക്‌സിന്‍ ലഭിക്കും. ഗുരുതര രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.

വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ http://cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതുമല്ലെങ്കില്‍ ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാനുള്ള നടപടി തുടങ്ങാം.

വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.

ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ഫെബ്രുവരി 2ന് 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45നു മുകളിലുള്ള മാരകരോഗങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങി.

Tags:    

Similar News