രാജ്യത്തെ അസല്‍ മൂലധന നിക്ഷേപം കുറഞ്ഞു; കൊവിഡാനന്തര ഇന്ത്യയുടെ ദയനീയ മുഖം വെളിപ്പെടുത്തി ഡോ. തോമസ് ഐസക്
തിരുവനന്തപുരം: 2020-21 കാലത്തെ കൂടിയ മൂലധന നിക്ഷേപം ചൂണ്ടിക്കാട്ടി സമ്പദ്ഘടന വളര്‍ന്നുവെന്ന വാദത്തെ തള്ളി മുന്‍ സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്. അതിനു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അസല്‍ മൂലധന നിക്ഷേപം കുറഞ്ഞതായി കണക്കുകള്‍ അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
2020-21ല്‍ ഇന്ത്യയിലേയ്ക്ക് 8,172 കോടി ഡോളറിന്റെ വിദേശമൂലധനനിക്ഷേപമാണ് എത്തിയത്. കൊവിഡ് ആയിരുന്നിട്ടുപോലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനയുണ്ടായി. ആഗോള വിദേശമൂലധനനിക്ഷേപ ഒഴുക്ക് 2020ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം കുറഞ്ഞ വേളയിലാണ് ഇന്ത്യയ്ക്ക് ഈ നേട്ടമുണ്ടായത്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്ന കണക്കുപ്രകാരം 2020-21ല്‍ 2,700 കോടി ഡോളര്‍ വിദേശമൂലധനം ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതു 47 ശതമാനം ഉയര്‍ന്നതാണ്. ഇതുകൂടി കണക്കിലെടുത്താല്‍ 2019-20നെ അപേക്ഷിച്ച് അസല്‍ വിദേശമൂലധനനിക്ഷേപം 2.4 ശതമാനം കുറയുകയാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.
വിദേശമൂലധന ഒഴുക്കിന്മേലുള്ള ആശ്രിതത്വമാണ് രാജ്യത്തുള്ളതെന്നും സമ്പദ്ഘടന വിദേശമൂലധനമെന്ന പുലിയുടെ പുറത്താണ് ഇപ്പോള്‍ സവാരിയെന്നും അദ്ദേഹം പരിഹസിച്ചു.
''ഇന്ത്യയിലേയ്ക്കുവന്ന വിദേശമൂലധനിക്ഷേപത്തില്‍ 3800 കോടി ഡോളര്‍ വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരുടെ പോര്‍ട്ട് ഫോളിയോ നിക്ഷേപമാണ്. എന്നുവച്ചാല്‍ ഓഹരികള്‍ വാങ്ങുന്നതിനുവേണ്ടിയുള്ളവയാണ്. റിലയന്‍സിന്റെ മൂന്നു കമ്പനികള്‍ക്കാണ് ഇന്ത്യയിലേയ്ക്കുവന്ന വിദേശമൂലധനത്തിന്റെ 54 ശതമാനവും ലഭിച്ചത്. ബാക്കിയുള്ള മൂലധനത്തിന്റെ സിംഹപങ്കും ഏതാനും കമ്പനികള്‍ക്കാണ് ലഭിച്ചത്. ഇന്ത്യന്‍ ഓഹരിവിപണിയില്‍ കോവിഡുകാലത്തും ഓഹരിവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വര്‍ദ്ധനയില്‍ ഈ വിദേശമൂലധന ഒഴുക്കും പ്രധാന പങ്കുവഹിക്കുന്നുണ്ട്. അദാനിയുടെ ഓഹരിവിലകളുടെ അത്ഭുതകരമായ വളര്‍ച്ചയുമായി ബന്ധപ്പെട്ട് മൗറീഷ്യസ് ആസ്ഥാനമാക്കിയുള്ള വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ പങ്ക് വിവാദമായത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഇപ്പോഴും ഇതുസംബന്ധിച്ച ദുരൂഹതകള്‍ മാറിയിട്ടില്ല.''
''ഇന്നത്തെ സാമ്പത്തിക സ്ഥിതിഗതികള്‍ വച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ ഓഹരിവിലകള്‍ ഊതിവീര്‍പ്പിക്കപ്പെട്ടിരിക്കുകയാണ് എന്നതു വ്യക്തമാണ്. ഓഹരിവിലകള്‍ ന്യായമായ നിലയിലാണോ അല്ലയോ എന്നു ചില കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരം കണ്ടെത്താനാകും. ഇതില്‍ ഒന്നാമത്തേത്, മാര്‍ക്കറ്റ് ക്യാപ്പ് ജിഡിപി അനുപാതമാണ്. എന്നുവച്ചാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എല്ലാ കമ്പനികളുടെയും ഓഹരികളുടെ വിപണിമൂല്യം ദേശീയവരുമാനത്തിന്റെ എത്ര മടങ്ങുവരുമെന്നാണ് കണക്കാക്കുന്നത്. സാധാരണഗതിയില്‍ ഇന്ത്യയില്‍ ഇത് 77 ശതമാനമാണ്. എന്നാല്‍ ജൂണ്‍ 4ന് ഇന്ത്യയിലെ മാര്‍ക്കറ്റ് ക്യാപ്പ് ജിഡിപി അനുപാതം 115 ശതമാനമാണ്. ഇത് 13 വര്‍ഷക്കാലത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തോതാണ്. 2008ല്‍ ആഗോള ഓഹരി തകര്‍ച്ചയ്ക്കു തൊട്ടുമുമ്പാണ് ഇതിനു മുമ്പുള്ള റെക്കോര്‍ഡ് 150 ശതമാനം.''
''രണ്ടാമത്തേത്, പ്രൈസ് - ഏണിംഗ്‌സ് റേഷ്യോ അനുപാതമാണ്. ഓഹരി വില ഓഹരിയില്‍ നിന്നുള്ള വരുമാനത്തിന്റെ എത്ര മടങ്ങുവരുമെന്നതാണ് ഈ സൂചിക. ഇന്ത്യയില്‍ സാധാരണഗതിയില്‍ ശരാശരി പിഇ അനുപാതം 16 ആണ്. എന്നുവച്ചാല്‍ ഓഹരിയില്‍ നിന്നുള്ള ഏണിംഗ്‌സിനെ അപേക്ഷിച്ച് 16 മടങ്ങ് ഓഹരിവില വരാം. ഫെബ്രുവരി മാസത്തില്‍ നിഫ്റ്റി 50 ഓഹരി വിലകളുടെ പിഇ റേഷ്യോ 41 ആണ്. ശരാശരി പിഇ അനുപാതം 21 ആണ്.''
''മൂന്നാമത്തേത്, പിബി അനുപാതമാണ്. ഇത് ഓഹരിവില ബുക്ക് വാല്യുവുവിന്റെ എത്ര മടങ്ങാണ് എന്നതു സംബന്ധിച്ച സൂചികയാണ്. സാധാരണഗതിയില്‍ ഇന്ത്യയിലെ പിബി അനുുപാതം 3.2 ആണ്. ഇപ്പോള്‍ പിബി അനുപാതം 4.4 ആണ്. ഷെയര്‍മാര്‍ക്കറ്റിലെ ഉയര്‍ന്ന ഓഹരി വിലകളാണ് ഇന്നത്തെ സാമ്പത്തികസ്ഥിതിയിലെ രജതരേഖ''- അദ്ദേഹം എഴുതുന്നു.
വിദേശനിക്ഷേപം എന്തെങ്കിലും കാരണവശാല്‍ പിന്‍വലിക്കപ്പെടുകായമെങ്കില്‍ ഓഹരിവില കൂപ്പുകുത്താം. അതുകൊണ്ട് വിദേശമൂലധനത്തിനു ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്നത് ഭരണകൂടത്തിന്റെ സുപ്രധാന നയമാണ്. കൊവിഡുകാലത്ത് ജനങ്ങള്‍ക്ക് എത്ര പട്ടിണിയും പ്രാരാബ്ധമുണ്ടെങ്കിലും കമ്മി കൂട്ടാതിരിക്കുന്നതിന് കാരണം അതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

