കേരളത്തിലെ കോണ്‍ഗ്രസ്സ് ഖിലാഫത്ത് കോണ്‍ഗ്രസ്സാണെന്ന ബിജെപി പ്രസ്താവന സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ്സ് പ്രമേയം

Update: 2021-03-10 11:31 GMT

മലപ്പുറം: കേരളത്തിലെ കോണ്‍ഗ്രസ്സ് ഖിലാഫത്ത് കോണ്‍ഗ്രസ്സാണെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് കെപിസിസി ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസ്സാക്കി. ദേശീയ പ്രസ്ഥാനത്തിന്റെ സമരവഴിയില്‍ ഒരേ ലക്ഷ്യത്തില്‍ ഒരേ വഴിയിലാണ് ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും സഞ്ചരിച്ചതെന്നും ദേശീയതലത്തില്‍ ഗാന്ധിജിയും അലി സഹോദരന്മാരുമായിരുന്നെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാരായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമായിരുന്നു അതിന്റെ നേതൃമുഖമെന്നും പ്രമേയം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു പങ്കുമില്ലാത്തത് കൊണ്ടാണ് ബിജെപി ഇതൊക്കെ ആക്ഷേപസ്വരത്തില്‍ ചരിത്രബോധമില്ലാതെ പറയുന്നതെന്നും ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ചില സ്‌റ്റേറ്റുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതംമാറ്റനിരോധന നിയമം ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നതാണെന്നും ന്യൂനപക്ഷാവകാശങ്ങള്‍ അടിച്ചര്‍മത്തുന്നതാണെന്നും അതിനെതിരില്‍ ബോധവത്ക്കരണം നടത്തുമെന്നും കേരളത്തില്‍ എല്‍ഡിഎഫ് നടത്തുന്ന സാമുദായിക വിഭജനം അത്യന്തം അപകടകരമെന്നും യോഗം പ്രസ്താവിച്ചു.

ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് ദാനിഷ് കെ.എസ് അധ്യക്ഷത വഹിച്ചു. കെസി അബ്ദുറഹ്മാന്‍, ഹംസക്കോയ കോനാരി, മൊയ്ദീന്‍ കുട്ടി, റഷീദ് വടക്കന്‍, കിഷോര്‍ എംടി തുടങ്ങിവര്‍ സംസാരിച്ചു.

Tags: