മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Update: 2022-06-10 12:21 GMT

കണ്ണൂര്‍: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലടക്കം ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടന്നു. നൂറു കണക്കിനു പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പോലിസിന്റെ ജലപീരങ്കിപ്രയോഗം വകവെക്കാതെ പോലിസ് ഉയര്‍ത്തിയ ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കേരളം ഭരിക്കുന്നത് അധോലോക നേതാവാണെന്ന് അഡ്വ. എം ലിജു പറഞ്ഞു. കള്ളക്കടത്ത് രാജാവ് ദാവൂദ് ഇബ്രാഹിമിനെ കടത്തി വെട്ടുന്ന തരത്തിലാണ് പിണറായി വിജയന്‍ സ്വര്‍ണവും പണവും കടത്തിയത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് കറന്‍സിയും, ഇതുവരെ കേട്ട് കേള്‍വി ഇല്ലാത്ത തരത്തില്‍ ബിരിയാണി ചെമ്പില്‍ ദുബായ് കോണ്‍സുലേറ്റില്‍ നിന്നും ലോഹംകടത്തിയതും ഉള്‍പ്പെടെയുള്ള കാര്യം പുറത്ത് വന്നതോടെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തുകയാണ് പോലിസ്. ചമ്പല്‍ കാട്ടിലെ കൊള്ളക്കാര്‍ പോലും ഇത്തരത്തില്‍ പെരുമാറില്ലെന്നും ലിജു പറഞ്ഞു.

കറന്‍സി വിദേശത്തേക്ക് കടത്തുകയും, അവിടെ നിന്ന് സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയും ചെയ്യുന്നത് രാജ്യത്ത് വിധ്വംസ പ്രവര്‍ത്തനം നടത്തുന്നതിന് തുല്യമാണ്. സ്വര്‍ണം വാങ്ങുന്നതിന് വേണ്ടി എവിടെ നിന്നാണ് ഇത്രയും തുക പിണറായിക്ക് ലഭിച്ചത്. 600 കിലോ സ്വര്‍ണമാണ് കടത്തിയതെന്നാണ് ആരോപണം. സ്വപ്‌ന ഉന്നയിച്ച ആരോപണം നേരായ രീതിയില്‍ അന്വേഷിച്ചാല്‍ അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി ജയിലില്‍ അടക്കേണ്ടിവരും. യുഎപിഎ ആക്ട് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കുടുക്കാന്‍ ഉന്നത പോലിസ് സംഘത്തെ നിയോഗിച്ചവര്‍ രാജ്യത്തെ നിയമ വ്യവസ്ഥയെ പോലും തകര്‍ക്കുകയാണെന്നും ലിജു പറഞ്ഞു.

കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ നെഹ്‌റു സ്തൂപത്തിന് സമീപത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് കലക്ട്രേറ്റിലേക്ക് പ്രതിഷേധ സമരം നടത്തിയത്.

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷതവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, സജീവ് മാറോളി, സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, യുഡിഎഫ് ചെയര്‍മാന്‍ പിടി മാത്യു, പ്രൊഫ:എ ഡി മുസ്തഫ, എന്‍ പി ശ്രീധരന്‍, കെ സി മുഹമ്മദ് ഫൈസല്‍, രജനി രമാനന്ദ്, സുദീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ്, അഡ്വ.റഷീദ് കവ്വായി, ടി ജയകൃഷ്ണന്‍, സാജു കെ പി, രാജീവന്‍ എളയാവൂര്‍, സി ടി ഗിരിജ, രജിത്ത് നാറാത്ത്, ബെന്നി തോമസ്സ്, ബൈജു വര്‍ഗീസ്, അഡ്വ.സി ടി സജിത്ത്, എം കെ മോഹനന്‍, കെ സി ഗണേശന്‍, ടി ജനാര്‍ദനന്‍, മാധവന്‍ മാസ്റ്റര്‍, അജിത്ത് മാട്ടൂല്‍, അമൃത രാമകൃഷ്ണന്‍, ലിസി ജോസഫ്, വി പി അബ്ദുല്‍ റഷീദ്, ജൂബിലി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.