മണിപ്പൂരില്‍ അധികാരത്തിലെത്തിയാല്‍ പ്രത്യേക സൈനികാധികാര നിയമം റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോണ്‍ഗ്രസ്

Update: 2021-12-11 17:02 GMT

ഇംഫാല്‍: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ പ്രത്യേക സൈനികാധികാര നിയമം പൂര്‍ണമായി റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോണ്‍ഗ്രസ്. അതുവരെയും നിയമം റദ്ദാക്കാന്‍ ബിജെപിയെയും മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ്ങിനെയും പ്രധാനമന്ത്രിയെയും സമ്മര്‍ദ്ദത്തിലാക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

'... ഈ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടും. കൂടാതെ മണിപ്പൂര്‍ മന്ത്രിസഭയോട് നിയമം സംസ്ഥാനത്ത് നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും''- കോണ്‍ഗ്രസ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അധികാരത്തിലിരുന്ന സമയത്ത് ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് പ്രത്യേക സൈനികാധികാര നിയമം എടുത്തുകളഞ്ഞതായി കോണ്‍ഗ്രസ് പറഞ്ഞു.

'ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഭരണകാലത്ത് പ്രത്യേക സൈനികാധികാര നിയമം റദ്ദാക്കിയിരുന്നു. 2022ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും പ്രത്യേക സൈനികാധികാര നിയമം എടുത്തുമാറ്റാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുക്കും'- പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച നാഗാലാന്‍ഡില്‍ 14 നിരപരാധികളായ സാധാരണക്കാരെ സൈന്യം വെടിവച്ചുകൊന്നിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക സൈനികാധികാര നിയമം എടുത്തുകളയണമെന്ന ആവശ്യം ഇപ്പോള്‍ സജീവമായതിനു പിന്നില്‍ അതാണ്. പ്രത്യേക സൈനികാധികാര നിയമം നിലവിലുള്ള പ്രദേങ്ങളില്‍ സൈന്യത്തിന് വിപുലമായ അധികാരങ്ങളാണ് ഉള്ളത്. 

Tags: