വാരിയൻ കുന്നത്ത് സമ്പൂർണ്ണ ജീവിത ചരിത്രം ആദ്യമായി മാപ്പിളപ്പാട്ടിൽ പുറത്തിറങ്ങി

കൃതിയിലൂടെ പ്രകാശനം പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ ആയി നിർവ്വഹിച്ചു

Update: 2020-07-21 13:18 GMT

കോഴിക്കോട്: മലബാറിലെ സ്വാതന്ത്ര്യ സമര സേനാനിയും ആറു മാസക്കാലം ബ്രിട്ടീഷ് ഇന്ത്യയുടെ നിയന്ത്രണത്തിൽ നിന്ന് മലബാറിന് മോചനം നൽകി 'മലയാള രാജ്യം' എന്ന സ്വതന്ത്ര പരമാധികാര രാജ്യം നിർമ്മിച്ച പോരാളിയുമായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമ്പൂർണ്ണ ജീവിത ചരിത്രം 'വാരിയൻ കുന്നത്ത് സീറപ്പാട്ട്' എന്ന പേരിൽ പുസ്തക രൂപത്തിലും ഓഡിയോ റെക്കോർഡിങ് രൂപത്തിലും പുറത്തിറക്കി. മാപ്പിളപ്പാട്ട് രചയിതാവും എഴുത്തുകാരനുമായ നസറുദ്ദീൻ മണ്ണാർക്കാട് രചന നിർവ്വഹിച്ച കൃതി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീഡേഴ്സ് നെറ്റ്‌വർക്ക് എന്ന പ്രസാധാലയമാണ് സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നത് . കൃതിയിലൂടെ പ്രകാശനം പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ ആയി നിർവ്വഹിച്ചു . ഫിറോസ് നാദാപുരത്തിന്റെ സംഗീതത്തിൽ യുവ ഗായകൻ അഷ്ക്കറലി മണ്ണാർക്കാടാണ് 43 നീളുന്ന ഗാനം ആലപിച്ചിരിക്കുന്നത് . ഇതിനായി പ്രത്യേകം തയ്യാറാക്കിയ www.variyankunnath.com എന്ന വെബ്‌ സൈറ്റിൽ പോയാൽ സൗജന്യ ഇ-ബുക്കും , ഓഡിയോയും ലഭിക്കുന്നതാണ് .

പരമ്പരാഗത 'കപ്പപ്പാട്ട്‌ ' ഇശലിൽ 440 വരികളിലായി എഴുതി തയ്യാറാക്കിയ കൃതിയിൽ വാരിയൻ കുന്നത്തിന്റെ ജനനം , ബാല്യം , വിവാഹം , മക്കയിലെ ജീവിതം , രാഷ്ട്രീയം , പോരാട്ടം , മരണം എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങൾ കോർത്തിണക്കിയിട്ടുണ്ട് . മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ വാരിയൻ കുന്നത്തിനെ ഇത്ര സൂക്ഷ്മമായി രേഖപ്പെടുത്തിയ മറ്റൊരു കൃതിയില്ല എന്നാണ്‌ അണിയറ ശില്പികളുടെ അഭിപ്രായം . കേവലം കാളവണ്ടിക്കാരനായി മാപ്പിള കവികൾ ഇക്കാലമത്രയും ചിത്രീകരിച്ച ഒരു മഹാനായ പോരാളിയുടെ ജീവിതം സോവിയറ്റ് റഷ്യൻ നേതാവ് ലെനിൻ പോലും അത്ഭുതത്തോടെ പരാമർശിച്ച കാര്യവും കൃതിയിൽ പരാമർശിക്കുന്നുണ്ട് .

ഇതിഹാസ തുല്യമായ ഒരു ജീവിതത്തെ മറവിയിലേക്ക് തള്ളിയിടാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി ബ്രിട്ടീഷ് കാലം മുതൽക്ക് നടക്കുന്നുണ്ട് . അതിനെ ചെറുക്കേണ്ടത് ഒരു ദൗത്യമായി കണ്ട് ആധികാരികമായ ചരിത്രത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഈ കൃതി സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രസാധകർ പറയുന്നത് . കുഞ്ഞാലി മരക്കാർ പടപ്പാട്ടാണ് മാപ്പിളപ്പാട്ട് രചനാ രംഗത്ത്‍ സജീവമായി നിൽക്കുന്ന നസറുദ്ദീൻ മണ്ണാർക്കാടിന്റെ ആദ്യ കൃതി.പൂർവ്വ കവികൾ പാലിച്ചു പോന്ന രചനാ നിയമങ്ങൾ കണിശമായി പാലിച്ചു കൊണ്ടാണ് രണ്ടു കൃതികളും പൂർത്തിയാക്കിയതെന്ന് നസറുദ്ദീൻ പറയുന്നു. മാപ്പിളപ്പാട്ട് വിദഗ്ദ്ധൻ ഹസ്സൻ നേടിയനാട് സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ കൃതിയുടെ പ്രസാധനത്തിന് എ. എം നദ്‌വിയാണ് മുൻകൈ എടുത്തത് .

കവികളായ ഓ എം കരുവാരക്കുണ്ട്, ബദറുദീൻ പാറന്നൂർ, ഖലീലുല്ലാഹ് ചെമ്മനാട്, തനത് മാപ്പിള കലാ സാഹിത്യ വേദിയുടെ സെക്രട്ടറി മൊയ്‌ദീൻ കുട്ടി ഇരിങ്ങല്ലൂർ , ഇശൽ മാല സെക്രട്ടറി സുബൈ വെള്ളിയോട് , ഇഖ്ബാൽ മടക്കര, ഇല്യാസ് കടമേരി, വഹീദ് മാസ്റ്റർ മണ്ണാർക്കാട് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കാളികളായി

Tags:    

Similar News