മാധ്യമ കൗണ്‍സില്‍ രൂപീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ വാര്‍ത്താവിനിമയ, ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി

Update: 2021-12-02 06:45 GMT

ന്യൂഡല്‍ഹി: മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു മാധ്യമ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ശശി തരൂര്‍ ചെയര്‍മാനായ വാര്‍ത്താ വിനിമയ, ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാധ്യമ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഇത്തരമൊരു കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പാനല്‍ ശുപാര്‍ശ അനുസരിച്ച് മാധ്യമരംഗത്തെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവരെ കമ്മീഷനില്‍ അംഗമാക്കണം.

എത്‌നിക് സ്റ്റാന്റേര്‍ഡ് ഇന്‍ മീഡിയ കവറേജ് എന്ന് പേര് നല്‍കിയിട്ടുള്ള റിപോര്‍ട്ടില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഭയരഹിതവും നീതിയുക്തവുമായി മാധ്യമങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് കമ്മീഷന്‍ രീപീകരിക്കേണ്ടതെന്നും റിപോര്‍ട്ട് പറയുന്നു. 

'മാധ്യമസ്വാതന്ത്ര്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുക, അതുവഴി ഭീതിതരഹിതവും പക്ഷപാതരഹിതവുമായി വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങളെ സഹായിക്കുക- ഇത്തരമൊരു സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ മേഖലയില്‍ അധികാരമുള്ള ഒരു കൗണ്‍സിലും പാനല്‍ വിഭാഗവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഫലപ്രദമല്ലെന്നും അവരുടെ കാര്യക്ഷമത പരിമിതമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പകരം നിര്‍ണയാധികാരമുള്ള കൗണ്‍സിലാണ് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഇ ന്യൂസ്‌പേപ്പര്‍, ന്യൂസ് പോര്‍ട്ടല്‍ തുടങ്ങി മറ്റ് പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കണമെന്ന പ്രസ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങളും റിപോര്‍ട്ട് എടുത്തുപറഞ്ഞിരിക്കുന്നു.

വ്യാജവാര്‍ത്തകളാണ് റിപോര്‍ട്ടില്‍ പറയുന്ന മറ്റൊരു പ്രശ്‌നം, പ്രത്യേകിച്ച് സാമൂഹികമാധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ 17 ഫാക്റ്റ് ചെക്ക് ഓഫിസുകള്‍ സജ്ജീകരിച്ചതിനെ റിപോര്‍ട്ട് അഭിനന്ദിച്ചു. വ്യാജവാര്‍ത്ത എന്താണെന്ന് നിര്‍വചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News