ബാറുകള്‍ തുറന്ന മുഖ്യമന്ത്രി ആരാധനാലയങ്ങള്‍ തുറക്കാനും അനുമതി നല്‍കണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ജുമുഅ നടത്താനുള്ള അവകാശം ഇനിയും നിഷേധിക്കുന്നത് ശരിയാണോ എന്ന് കേരളത്തിലെ മുഖ്യമന്ത്രി ആലോചിക്കണം.

Update: 2021-06-20 10:23 GMT

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ തുറന്ന് ഒറ്റ ദിവസം കൊണ്ട് 51 കോടി രൂപയുടെ മദ്യം വില്‍പ്പന നടത്തിയ മുഖ്യമന്ത്രി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി . മുസ്‌ലിംകള്‍ക്ക് ജുമുഅ നമസ്‌ക്കാരം നിര്‍ബന്ധമാണ്. ഇത് പള്ളിയില്‍വച്ചാണ് നടത്തേണ്ടത്. സുബഹി, ളുഹര്‍, അസര്‍, മഅ്‌രിബ്, അശാഅ് എന്നീ നമസ്‌ക്കാരങ്ങള്‍ പള്ളിയിലാണ് ഉത്തമമെങ്കിലും വീട്ടില്‍ വച്ചും നടത്താം. എന്നാല്‍ ജുമുഅ പള്ളിയില്‍ മാത്രമാണ് നടത്തുക. ഇത് സാമൂഹ്യ അകലം പാലിച്ച് നടത്താനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ സാമൂഹ്യ അകലം പാലിച്ച് പ്രാര്‍ഥിക്കാന്‍ കഴിയുന്ന എത്രയോ മസ്ജിദുകള്‍ കേരളത്തിലുണ്ട്. ജുമുഅ നടത്താനുള്ള അവകാശം ഇനിയും നിഷേധിക്കുന്നത് ശരിയാണോ എന്ന് കേരളത്തിലെ മുഖ്യമന്ത്രി ആലോചിക്കണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം അനുമതി നല്‍കണമെന്നും വിശ്വാസി സമൂഹം സമരവുമായി തെരുവിലിറങ്ങുന്നതുവരെ കാത്തുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News