വികസനത്തെ എതിര്‍ക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കിയാല്‍ അവര്‍ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി

Update: 2021-12-24 12:33 GMT

തിരുവനന്തപുരം: വികസനത്തെ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്ന് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയും നല്ല നാളേയ്ക്കും അടുത്ത തലമുറയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ് പദ്ധതികളെന്ന് വിശദീകരിക്കുകയും ചെയ്താല്‍ എതിര്‍ത്തവര്‍ തന്നെ നല്ല മനസോടെ അനുകൂലിക്കാനും അതിന്റെ ഭാഗമാകാനും മുന്നോട്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഉദ്ഘാടനം ഐ. എം. ജി ബാര്‍ട്ടണ്‍ഹില്‍ കാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായി അപഗ്രഥനം ചെയ്തും എതിര്‍പ്പിന്റെ വിവിധ വശം മനസിലാക്കിയും മുന്നോട്ടു പോയാല്‍ ഇത്തരം എതിര്‍പ്പുകളെ നേരിടാന്‍ കഴിയുമെന്നതാണ് അനുഭവം. 

സംസ്ഥാനത്ത് ഏതു പുതിയ കാര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ എതിര്‍ക്കാന്‍ തയ്യാറായി വരും. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കൊച്ചി ഇടമണ്‍ പവര്‍ ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. ഇത്തരം പദ്ധതികളുടെ ഗുണം അനുകൂലിക്കുന്നവര്‍ക്കു മാത്രമല്ല, എതിര്‍ക്കുന്നവര്‍ക്കും ലഭിക്കും. എതിര്‍പ്പിന്റെ ഭാഗമായി നാടിന് ആവശ്യമായ പലതും നടപ്പാക്കാന്‍ കഴിയാതെ പോയി. ഇവിടെയൊന്നും നടക്കില്ലെന്നതായിരുന്നു ഒരു കാലത്ത് കേരളത്തിലെ പൊതുചിന്ത. ഇന്ന് സ്ഥിതി മാറി. കാര്യങ്ങള്‍ നടപ്പാകുമെന്ന നില വന്നപ്പോള്‍ ഇവിടെ പലതും നടക്കുമെന്ന് ജനം ആത്മവിശ്വാസത്തോടെ പറയുന്ന നിലയായി.

നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ പോസിറ്റീവ് സമീപനം ഉണ്ടാവണം. കെ. എ. എസിന്റെ ഭാഗമായവര്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കണം. കെ. എ. എസ് പ്രാവര്‍ത്തികമാക്കാനും പല എതിര്‍പ്പുകളും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മുന്നിലെത്തുമ്പോള്‍ അത് അനുഭവിക്കുന്നവരുടെ കണ്ണുകളിലൂടെ വേണം ഉദ്യോഗസ്ഥര്‍ വീക്ഷിക്കേണ്ടത്. അപ്പോള്‍ ജനങ്ങളുടെ വേദന മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയും. അത്തരം ഒരു മനോഭാവം ഉണ്ടാവുക പ്രധാനമാണ്. ഇതിന് നിയമങ്ങളും ചട്ടങ്ങളും തടസമായുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണം.

അത്തരം തടസങ്ങള്‍ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. ഡിപ്പാര്‍ട്ട്‌മെന്റലിസം, ചുവപ്പുനാട തുടങ്ങിയ ദൗര്‍ബല്യങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് പൊതുവില്‍ സിവില്‍ സര്‍വീസിന് ശനിദശയാണ്. സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കാനും തകര്‍ക്കാനും പലവിധ ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ കേരളത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സിവില്‍ സര്‍വീസിനെ കൂടുതല്‍ ശക്തിപ്പെടുത്താനും ഏതു പ്രതിസന്ധിയും വെല്ലുവിളിയും നേരിടാനുള്ള കാര്യശേഷിയിലേക്ക് ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ തസ്തികകളും സൃഷ്ടിക്കുന്നു. സിവില്‍ സര്‍വീസിനെ ജനകീയത്ക്കരിക്കുകയാണ് പ്രധാനം. വകുപ്പുകളുടെ ഏകോപനം വികസനത്തിനും അഭിവൃദ്ധിക്കും ഒഴിച്ചുകൂടാനാവാത്തതാണ്.

എല്ലാത്തിനെയും ബന്ധിപ്പിക്കുന്ന രാസത്വരകമായി കെ. എ. എസുകാര്‍ക്ക് മാറാന്‍ കഴിയണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നാല്‍ രക്ഷയാകും എന്ന ചിന്ത കെ. എ. എസുകാര്‍ക്ക് ഒരിക്കലും ഉണ്ടാകരുത്. ഏതു കാര്യത്തിലും ധൈര്യത്തോടെ മുന്നിട്ടിറങ്ങണം. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും നടപടി സ്വീകരിക്കണം. ശാസ്ത്ര സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി സിവില്‍ സര്‍വീസിനെ ജനകീയവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കെ. എ. എസിന്റെ മൂന്നു ബാച്ചുകളിലെയും ഒന്നാം റാങ്കുകാരുടെ കഴുത്തില്‍ മുഖ്യമന്ത്രി ഐ. ഡി കാര്‍ഡ് അണിയിച്ചു. പുതിയ തുടക്കമെന്ന നിലയില്‍ മുഖ്യമന്ത്രി ഒരു ഇലഞ്ഞിത്തൈയും നട്ടു.

Tags: