കുട്ടിയെ വളര്‍ത്തുനായ കടിച്ചു; ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിക്ക് 4 ലക്ഷം രൂപ പിഴ

Update: 2022-05-22 16:05 GMT

ഗുരുഗ്രാം: പെണ്‍കുട്ടിയെ വളര്‍ത്തുനായ കടിച്ച് ശാരീരികവും മാനസികവുമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഹൗസിങ് സൊസൈറ്റി മാനേജ്‌മെന്റ് കമ്മിറ്റിക്ക് നാല് ലക്ഷം രൂപ പിഴ വിധിച്ചു. ഉപഭോക്തൃഫോറത്തിന്റെയാണ് വിധി. സുരക്ഷാ ഏജന്‍സിക്കും ഉത്തരവ് ബാധകമാണ്.

ഉപഭോക്തൃഫോറം ജഡ്ജി സഞ്ജീവ് ജിന്‍ഡലാണ് മഗ്നോലിയ മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരേയും അവര്‍ നിയമിച്ച സുരക്ഷാ ഏജന്‍സിക്കെതിരേയും വിധി പറഞ്ഞത്. കടിയേറ്റ പെണ്‍കുട്ടിക്കും പിതാവിനും അനുഭവിക്കേണ്ടിവന്ന സഹനവും പീഡനവും പരിഗണിച്ചാണ് പിഴ വിധിച്ചത്.

പ്രതിമാസം മെയിന്റനന്‍സ് ചാര്‍ജ് ഇനത്തില്‍ ഒരു ലക്ഷം രൂപ സൊസൈറ്റി വാങ്ങുന്നുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു.

2020 ഫെബ്രുവരിയില്‍ പരാതിക്കാരന്റെ മകള്‍ ഷിവി 22ാം നിലയിലുള്ള അമ്മാവനെ കാണാന്‍ ലിഫ്റ്റില്‍ കയറി. പത്താം നിലയെത്തിയപ്പോള്‍ രാകേഷ് കപൂര്‍ എന്നയാള്‍ പട്ടിയുമായി പ്രവേശിച്ചു. പട്ടി പെണ്‍കുട്ടിക്കു നേരെ ചാടി. പെണ്‍കുട്ടി ഭയക്കുക മാത്രമല്ല, പരിക്കുംപറ്റി.

പട്ടിയുമായി വന്നയാള്‍ കുട്ടിയെ രക്ഷിക്കാനോ ശുശ്രൂഷ നല്‍കാനോ തുനിഞ്ഞില്ല. പകരം ഒന്നും സംഭവിക്കാത്തതുപോലെ കടന്നുപോയി.

ദിവസങ്ങളോളം ചികില്‍സ തേടിയ ശേഷമാണ് സ്‌കൂളിലേക്ക് പോകാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞത്.

ഇതിനെതിരേയാണ് പരാതിപ്പെട്ടത്. കോടതി ആറ് പേരെ കുറ്റക്കാരെന്നും വിധിച്ചു. 

Tags:    

Similar News