പൊതുവിതരണ വകുപ്പിന്റെ ഇ സേവന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2022-03-12 14:06 GMT

തിരുവനന്തപുരം; പൊതുവിതരണ വകുപ്പിന്റെ പുതിയ പദ്ധതികളായ ഇ ഓഫിസ്, എഫ്.പി.എസ് മൊബൈല്‍ അപ്പ്, ജി.പി.എസ് ട്രാക്കിംഗ് എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് (ചൊവ്വ) വെകുന്നേരം നാലിന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാര്‍ ഓഫിസുകളിലെ ഫയല്‍ നീക്കവും പ്രവര്‍ത്തനങ്ങളും സുതാര്യമായി നിര്‍വഹിക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ഓഫിസുകളില്‍ സമ്പൂര്‍ണ ഇ ഓഫിസ് സംവിധാനം നടപ്പിലാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും. 

റേഷന്‍ കടകളുടെ ഓണ്‍ലൈന്‍ പരിശോധന സാധ്യമാക്കുന്നതിനായി എഫ്.പി.എസ് മൊബൈല്‍ എന്ന മൊബൈല്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തും. ഇതു വഴി റേഷന്‍ കടകളിലെ സ്‌റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് പരിശോധന കൂടുതല്‍ സുതാര്യമാക്കുവാനും കുറ്റമറ്റതാക്കുവാനും സാധിക്കും. ഓരോ റേഷന്‍ കടകളിലേയും പരിശോധന വിവരങ്ങള്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് തത്സമയം ഔദ്യോഗിക ലോഗിനുകളില്‍ ലഭ്യമാകും. ഇന്ത്യയില്‍ ആദ്യമായി നമ്മുടെ സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിട്ടുള്ളതെന്നും ഇതിനോടകം തന്നെ ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സാഫ് ടെക്‌നോളജീസാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്.