ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ .തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ നാമം നീക്കം ചെയ്ത കേന്ദ്ര തീരുമാനം, സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന വ്യക്തിയല്ല, മറിച്ച് സംഘപരിവാര്‍ ഉയര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദരിദ്രരായ മനുഷ്യരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും പദ്ധതിയെ നിര്‍വീര്യമാക്കാനുമുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തുന്ന ബദല്‍ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയോടുള്ള ഗാന്ധിജിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടാണ് അന്നവര്‍ അദ്ദേഹത്തെ വധിച്ചതെന്നും, ആ ഭയം ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി തന്റെ അനുസ്മരണ കുറിപ്പില്‍ വ്യക്തമാക്കി.