ട്വിറ്റര്‍ നോഡല്‍ ഉദ്യോഗസ്ഥനെ നിയമിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍

Update: 2021-08-05 15:09 GMT

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇതുവരെയും ഇന്ത്യന്‍ നിയമമനുസരിച്ചുളള നോഡല്‍ ഉദ്യോഗസ്ഥനെ നിയമിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

മെയ് 26ാം തിയ്യതിയാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളോട് രാജ്യത്തെ പൗരനായ ഒരു നോഡല്‍ ഉദ്യോഗസ്ഥനെയും പരാതിപരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കാന്‍ ഐടി മന്ത്രാലയം ആവശ്യപ്പെട്ടത്. 

രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്.

''ഐടി വകുപ്പിന്റെ നിയമമനുസരിച്ചുള്ള ഒരു പരാതിപരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചിരുന്നു. എന്നാല്‍ നോഡല്‍ ഓഫിസറെ നിയമിച്ചിരുന്നില്ല. വിഷയം ഇപ്പോള്‍ കോടതിയുടെപരിഗണനയിലാണ്''- മന്ത്രി പറഞ്ഞു.

സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഐടി റൂള്‍, 2021 കൊണ്ടുവന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.