'രാജ്യവിരുദ്ധ നീക്കങ്ങള്‍' റിപോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിനെതിരായ സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ പൗരന്മാരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഈ പദ്ധതിയില്‍ സര്‍ക്കാര്‍ വിരുദ്ധമായ അഭിപ്രായങ്ങള്‍, നിയമവിരുദ്ധ നീക്കങ്ങള്‍, ഭീകരവാദം, അശ്ലീലസാഹിത്യം, തീവ്രവാദം എന്നിവ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാം.
ആദ്യം ജമ്മു കശ്മീര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പൈലറ്റ് പ്രൊജക്റ്റായി പദ്ധതി നടപ്പാക്കുക.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററായിരിക്കും പദ്ധതിയുടെ നോഡല്‍ പോയിന്റ്. രാജ്യത്തെ പൗരന്മാര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്ത് സൈബര്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം.
വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ വിലാസവും പിതാവിന്റെ പേരും മൊബൈല്‍, ഇമെയില്‍ വിവരങ്ങളും നല്‍കണം.
അതേസമയം എന്താണ് രാജ്യവിരുദ്ധ പ്രവര്‍ത്തിയെന്നതിനെക്കുറിച്ചോ രാജ്യവിരുദ്ധ ഉള്ളടക്കമെന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടില്ല. എന്താണ് ദേശവിരുദ്ധപ്രവര്‍ത്തനം, എന്താണ് ദേശവിരുദ്ധ ഉള്ളടക്കം എന്നതിനനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടിയും നല്‍കിയിട്ടില്ല.
ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അത് തങ്ങളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേക്കുറിച്ച് പരസ്യപ്രതികരണത്തിനും മുതിരരുത്. വോളണ്ടിയര്‍മാര്‍ സംഘടനകള്‍ ഉണ്ടാക്കുന്നതിനെയും നിരോധിച്ചിട്ടുണ്ട്.
ദേശവിരുദ്ധ പ്രവര്‍ത്തനവും ഉള്ളടക്കവും കൃത്യതയോടെ നിര്‍വചിക്കാന്‍ കഴിയില്ലെന്ന പ്രശ്‌നം സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഹപൗരന്മാരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നതിന് പൗരന്മാരെ പ്രേരിപ്പിക്കുന്നത് ഒറ്റുകാരെ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വോളണ്ടിയര്‍മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമായിവയക്കുമെന്നും സൂചനയുണ്ട്.

