ഹിന്ദുക്കള്‍ കുറവുളള പ്രദേശങ്ങളില്‍ ന്യൂനപക്ഷപദവി തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Update: 2022-03-28 09:21 GMT

ന്യൂഡല്‍ഹി: ഹിന്ദുക്കളോ മറ്റ് സമുദായങ്ങളോ കുറവുള്ള സംസ്ഥാനങ്ങളില്‍ സമുദായങ്ങളുടെ ന്യൂനപക്ഷപദവി തീരുമാനിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അതനുസരിച്ച് അത്തരം സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുവാദവും ലഭിക്കും. സമുദായങ്ങളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് സുപ്രിംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. 'സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മതപരമോ ഭാഷാപരമോ ആയ ഒരു സമുദായത്തെ സംസ്ഥാനത്തിനുള്ളില്‍ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിക്കാനും കഴിയു'മെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

2016ല്‍ മഹാരാഷ്ട്ര ജൂതന്മാരുടെ കാര്യത്തില്‍ ചെയ്തതുപോലെ, സംസ്ഥാനങ്ങള്‍ക്ക് മതപരമോ ഭാഷാപരമോ ആയ ഒരു വിഭാഗത്തെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിക്കാന്‍ കഴിയും. കര്‍ണാടകയില്‍ ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലമാനി, ഹിന്ദി, കൊങ്കണി, കൂടാതെ ഗുജറാത്തി ഭാഷകള്‍ ന്യൂനപക്ഷ ഭാഷകളാണ്.

2011ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്- അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ 2020ല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണമറിയിച്ചത്. 2002ലെ ടിഎംഎ പൈ ഫൗണ്ടേഷന്‍ വിധിയില്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ച തത്ത്വമനുസരിച്ച് അവര്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 30മായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി, മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് ടിഎംഎ പൈ കേസില്‍ സുപ്രിംകോടതി വിധിച്ചിരുന്നു. 

1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ടിന്റെ സെക്ഷന്‍ 2(സി) പ്രകാരം, 1993ല്‍ കേന്ദ്രം മുസ്ലീങ്ങള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ അഞ്ച് സമുദായങ്ങളെ ന്യൂനപക്ഷങ്ങളായി വിജ്ഞാപനം ചെയ്തു. 

ലഡാക്ക്, മിസോറാം, ലക്ഷദ്വീപ്, കാശ്മീര്‍, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ ജൂത, ബഹായിസം, ഹിന്ദുമതം എന്നിവയുടെ അനുയായികള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദമെന്നും അത് ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

'പ്രസ്തുത സംസ്ഥാനത്ത് അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും കഴിയും, സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കും,' കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹരജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.