നിയമം കയ്യിലെടുക്കുന്നവരെ മാത്രം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു: നീരസം പ്രകടിപ്പിച്ച് എഐകെഎസ്‌സിസി നേതാക്കള്‍

Update: 2020-12-02 17:43 GMT

ന്യൂഡല്‍ഹി: സര്‍ക്കാരുമായുള്ള അനുരജ്ഞന ചര്‍ച്ചയ്ക്ക് തങ്ങളുടെ സംഘടനകളെ ഒഴിവാക്കിയതിനെതിരേ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍. നിയമം കയ്യിലെടുത്തവരെ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പരിഗണിച്ചുള്ളൂവെന്ന് എഐകെഎസ്‌സിസി കണ്‍വീനര്‍ വി എം സിങ് ആരോപിച്ചു.

ബുരാരിയില്‍ ധര്‍ണയിരിക്കുന്നവരെയാണ് ചര്‍ച്ചയ്ക്ക് വിളിക്കുകയെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകര്‍ ഇവിടെയെത്തി. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഞങ്ങലെ സര്‍ക്കാര്‍ പങ്കെടുപ്പച്ചില്ല- വി എം സിങ് ബുരാരി മൈതാനത്ത് വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.

നിയമം കയ്യിലെടുത്തവരെ മാത്രമേ സര്‍ക്കാര്‍ ക്ഷണിക്കുന്നുള്ളൂ. അവര്‍ ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷരെ വഞ്ചിച്ചിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കഴിഞ്ഞ മാസം പാസ്സാക്കിയ കാര്‍ഷിക ബില്ലിനെതിരേയുള്ള പ്രതിഷേധം ഡല്‍ഹിയില്‍ ഏഴാം ദിവസവും തുടരുകയാണ്. ബുരാരിയിലെ സന്ത് നിരാകാരി മൈതാനത്തും ഡല്‍ഹി അതിര്‍ത്തിയിലുമാണ് കര്‍ഷകര്‍ തമ്പനടിച്ചിട്ടുള്ളത്.

അടുത്ത ദിവസം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഒരു തവണ കൂടി കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നും അതില്‍ രണ്ട് വിഭാഗവും തങ്ങളുടെ വാദങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമര്‍ പറഞ്ഞു.

ഏതൊക്കെ സംഘടനകളെ വിളിക്കാമെന്നതുമായി ബന്ധപ്പെട്ട് നിരവധി സങ്കീര്‍ണതകള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പഞ്ചാബിനു പുറത്തുള്ള സംഘടകളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീട് സമരത്തിനു നേതൃത്വം നല്‍കുന്ന കോര്‍ഡിനേഷന്‍ കമ്മറ്റിയെ വിളിക്കാന്‍ തീരുമാനിച്ചു. എങ്കിലും അതില്‍ അംഗമായ യോഗേന്ദ്ര യാദവിനെ വിളിക്കാന്‍ തയ്യാറായിരുന്നില്ല. രാഷ്ട്രീയനേതാക്കളെ വിളിക്കേണ്ടതില്ലന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.