പശ്ചിമ ബംഗാള്‍ ഡി.ജി.പിയെ മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Update: 2021-03-10 02:58 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്രയെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരു ഉത്തരവാദിത്തവും വിരേന്ദ്രയെ ഏല്‍പ്പിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവില്‍ എടുത്ത നടപടിയെ കുറിച്ച് ഇന്ന് രാവിലെ പത്തിന് മുന്‍പായി കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിരേന്ദ്രയെ മാറ്റി 1987 ബാച്ച് ഐ.പി.എസ് ഓഫീസറായ പി. നിരജ്ഞയനെ ഡി.ജി.പി ആയി നിയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി ജാവെദ് ഷമീമിനെ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം മാറ്റിയിരുന്നു.


ഡിജിപിയെ മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് പാര്‍ട്ടി എം.പി സൗഗത റോയ് ആരോപിച്ചു. അതേ സമയം നടപടിയെ ബി.ജെ.പി സ്വാഗതം ചെയ്തു.




Tags:    

Similar News