ഓക്‌സിജന്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ മരിച്ചുവെന്ന് റിപോര്‍ട്ട് ചെയ്തത് ഒരു സംസ്ഥാനം മാത്രമെന്ന് കേന്ദ്രം

Update: 2021-08-10 16:15 GMT

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം മൂലം മരണം നടന്നെന്ന് റിപോര്‍ട്ട് സമര്‍പ്പിച്ചത് രാജ്യത്ത് ഒരു സംസ്ഥാനം മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു സംസ്ഥാനമൊഴിച്ചുള്ള സംസ്ഥാനങ്ങള്‍ മരണങ്ങളുടെ എണ്ണം കണക്കാക്കി അയച്ചെങ്കിലും മരണകാരണമായി ഓക്‌സിജന്‍ ക്ഷാമം എന്ന് രേഖപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യമറിയിച്ചത്.

ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ മരിച്ചവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയെങ്കിലും ഒരു സംസ്ഥാനമൊഴിച്ച് മറ്റാരും ഓക്‌സിജന്‍ ഇല്ലാതെയുള്ള കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഏത് സംസ്ഥാനമാണ് ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിച്ചതായി അറിയിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞില്ലെങ്കിലും പഞ്ചാബാണ് അത്തരത്തില്‍ റിപോര്‍ട്ട് അയച്ചിട്ടിളളതെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

കൊവിഡ് കാലത്ത് ഓക്‌സിജന്‍ ഇല്ലാതെ മരിച്ചവരുടെ കണക്കുകള്‍ അയക്കാന്‍ എല്ലാ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രം കത്തെഴുതിയിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന സഹാചര്യത്തില്‍ കണക്കുകള്‍ പെട്ടെന്ന് അയക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്.

പഞ്ചാബില്‍ ഇന്നലെ മാത്രം 31 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 5,99,514 പേര്‍.

പഞ്ചാബില്‍ ഇന്നലെ ഒരാള്‍ മരിച്ചു. ആകെ മരണം 16,320. സജീവ രോഗികള്‍ 441.