വിശുദ്ധ റമദാനില്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹറമിന്റെ ശേഷി ഉയര്‍ത്തി

Update: 2021-04-14 15:23 GMT
മക്ക: വിശുദ്ധ റമദാനില്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹറമിന്റെ ശേഷി ഉയര്‍ത്തി. ഹറമില്‍ സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ ജീവനക്കാരും കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന വ്യവസ്ഥയും ബാധകമാക്കിയിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യക്കകത്തും വിദേശത്തുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരമുള്ളതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത് പറഞ്ഞു. ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി 'ഇഅ്തമര്‍നാ', 'തവക്കല്‍നാ' ആപ്പുകള്‍ വഴിയാണ് എല്ലാവര്‍ക്കും ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുക. ഇരു ഹറമുകളിലും ആരോഗ്യ വ്യവസ്ഥകള്‍ ബാധകമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നോട്ടം വഹിക്കും.


ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് വ്യവസ്ഥകള്‍ ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വാക്‌സിന്‍ സ്വീകരിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തുന്നവര്‍ ഉംറ നിര്‍വഹിക്കുന്നതിന് ആറു മണിക്കൂര്‍ മുമ്പ് മക്കയിലെ ഇനായ (കെയര്‍) സെന്ററില്‍ എത്തണം. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകളുടെ ഇനം അനുസരിച്ച് തീര്‍ഥാടകര്‍ വാക്‌സിന്‍ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷം തീര്‍ഥാടകര്‍ക്ക് പ്രത്യേക വളകള്‍ കൈമാറും. സെന്ററില്‍ കഴിയുന്ന സമയത്തെല്ലാം തീര്‍ഥാടകര്‍ വള ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനു ശേഷം തീര്‍ഥാടകരെ അല്‍ശുബൈക ഒത്തുചേരല്‍ കേന്ദ്രത്തിലേക്ക് ആനയിക്കും. ഇവിടെ വെച്ച് പെര്‍മിറ്റ് വിവരങ്ങള്‍ പരിശോധിക്കുന്നതിന് തീര്‍ഥാടകര്‍ തങ്ങളുടെ വളകള്‍ കാണിച്ചുകൊടുക്കണം. ശേഷം ഓരോരുത്തര്‍ക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.




Tags:    

Similar News