മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തി

Update: 2021-07-29 08:09 GMT

താനൂര്‍: വര്‍ഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി അബ്ദുറഹ്മാന്‍ മന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. താനൂര്‍ നടക്കാവില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു.

കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ഷെയ്ഖ് റസല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് അധിനിവേശ ശക്തികള്‍ക്കെതിരെ ചെറുത്തുനിന്നതിന്റെ ഭാഗമായി പിന്നാക്കം പോയ ജില്ല ഇന്ന് സ്വന്തം പ്രയത്‌നത്താല്‍ വിദ്യാഭ്യാസപരമായി ഏറ്റവും മികച്ച ജില്ലയായി മാറിയിക്കുകയാണ്.




എന്നാല്‍ മാറിവരുന്ന സര്‍ക്കാരുകളും അധികാരികളും മലപ്പുറത്തെ പഴയ പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിടുവാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അര്‍ഷദ് പട്ടര്‍നടക്കാവ് സ്വാഗതം പറഞ്ഞു. മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ശര്‍ബാസ് അധ്യക്ഷത വഹിക്കുകയും ഫവാസ് ഒഴുര്‍ നന്ദി പറഞ്ഞു.