ബജറ്റ് രാജ്യത്തിനുവേണ്ടിയാവണം, തിരഞ്ഞെടുപ്പിനെ നേരിടാനാവരുത്; കേന്ദ്ര ബജറ്റിനെതിരേ ഉദ്ദവ് താക്കറെ

Update: 2021-02-02 04:00 GMT

മുംബൈ: കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബജറ്റ് മുഴുവന്‍ രാജ്യത്തിനുംവേണ്ടിയായിരിക്കണമെന്നും തിരഞ്ഞെടുപ്പ് നേരിടാനുള്ള ഉപാധിയാവരുതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബജറ്റ് തിരഞ്ഞെടുപ്പ് നേരിടുന്ന ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളെയാണ് പരിഗണിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

''ബജറ്റ് മുഴുവന്‍ രാജ്യത്തെയാണ് കണക്കിലെടുക്കേണ്ടത്. തിരഞ്ഞെടുപ്പിനുവേണ്ടിയാവരുത്''- ഉദ്ദവ് താക്കറെ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രദേശങ്ങളും ബജറ്റ് അവതരണത്തെ പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത്. അതിനു പകരം ബജറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയാണ് കണക്കിലെടുക്കുന്നതെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ എങ്ങനെയാണ് നിറവേറ്റുന്നത്? -ഉദ്ദവ് ചോദിച്ചു.

തിരഞ്ഞൈടുപ്പ് നേരിടുന്ന സംസ്ഥാനങ്ങളെ കേന്ദ്രീകരിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രതിപക്ഷങ്ങളും ആരോപിച്ചു.

ബംഗാളിലെ തേയിലത്തോട്ടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും 1000 കോടി രൂപയാണ് ധനമന്ത്രി ബജറ്റില്‍ നീക്കിവച്ചിരുന്നത്.