തിരുവനന്തപുരം: ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി പൂര്‍ത്തിയാവുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സിഇഒ കെ അന്‍വര്‍ സാദത്ത്. ജൂണ്‍ 1 മുതല്‍ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഫസ്റ്റ്‌ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വര്‍ഷാവസാന പരീക്ഷയ്ക്ക് മുമ്പേ തന്നെ പൂര്‍ത്തിയാക്കി. ഇന്നത്തോടെ പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണവും പൂര്‍ത്തിയായി.
ജനറല്‍, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെയും ക്ലാസുകളും ഉള്‍പ്പെടെ 9500ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി ഈ വര്‍ഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തില്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ടിതമായ റിവിഷന്‍ ക്ലാസുകള്‍ കാഴ്ച പരിമിതിയുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍, ശ്രവണ പരിമിതര്‍ക്കുള്ള സൈന്‍ അഡാപ്റ്റ് ക്ലാസുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിര്‍മിച്ച് സംപ്രേഷണം ചെയ്തിരുന്നു.
