കോഴിക്കോട്: അബ്ദുല്‍ നാസര്‍ നദ്‌വി രചിച്ച ഉള്ളില്‍ പൂക്കുന്ന വാക്ക് എന്ന പുസ്തകം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹോളില്‍ അഡ്വക്കറ്റ് വി.ആര്‍ അനൂപ്, പ്രൊഫ. ശോഭീന്ദ്രനു നല്‍കി പ്രകാശം ചെയ്തു. മുഖ്യാതിഥി ഇ ടി മുഹമ്മദ് ബഷീര്‍ എംപി 'വായന ബുക്‌സിന്റെ' ലോഗൊ കമാല്‍ വരദൂരിന്ന് നല്‍കി പ്രകാശം ചെയ്തു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് അകത്തുപോലും ഭരണകൂടത്തിന് ഹിതമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് നിഷേധിക്കപ്പെടുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉള്ളില്‍ പൂക്കുന്ന വാക്ക് എന്ന കൃതി ഏറെ ചിന്തോദ്ദീപകമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു.
ഹാഷിം തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കവി ഇ. ശ്രീധരനുണ്ണി, അലിയാര്‍ ഖാസിമി, കമാല്‍ വരദൂര്‍, റഷീദ് ഉഗ്രപുരം, മജീദ് പുളിക്കല്‍, ഗഫൂര്‍ തിരുത്തിയാട് എന്നിവര്‍ സംസാരിച്ചു. മനുഷ്യജീവിതത്തെ സംഘര്‍ഷരഹിതമാക്കാനുള്ള തത്വചിന്തയും ജീവിതവീക്ഷണവും ലളിതമനോഹരമായി ആവിഷ്‌ക്കരിച്ചതാണ് പുസ്തകത്തിന്റ ഉള്ളടക്കമെന്ന് രചയിതാവ് അബ്ദുള്‍ നാസര്‍ നദവി അഭിപ്രായപ്പെട്ടു.