അടിച്ചമര്‍ത്തല്‍ നിയമങ്ങളെക്കുറിച്ചുള്ള പുസ്തകം 14 സംസ്ഥാനങ്ങളിലായി ഇന്ന് പ്രകാശനം ചെയ്യും

Update: 2021-05-29 03:13 GMT

ന്യൂഡല്‍ഹി: രാജ്യത്തെ യുഎപിഎ അടക്കമുളള അടിച്ചമര്‍ത്തല്‍ നിയമങ്ങളെക്കുറിച്ചുള്ള പുസ്തകം എഗയ്ന്‍സ്റ്റ് ദി വെരി ഐഡിയ ഓഫ് ജസ്റ്റിസ്: യുഎപിഎ ആന്റ് അദര്‍ ലോസ് ഓണ്‍ലൈനായി ഇന്ന് പ്രകാശനം ചെയ്യും. മൂവ്‌മെന്റ് എഗയ്ന്‍സ്റ്റ് യുഎപിഎ ആന്റ് അദര്‍ റിപ്രസീവ് ലോസ്(എംയുആര്‍എല്‍)ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡല്‍ഹി, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, മണിപ്പൂര്‍, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട് അടക്കം പതിനാല് സംസ്ഥാനങ്ങൡലായി വ്യത്യസ്ത സമയങ്ങളിലാണ് പ്രകാശനം നടക്കുന്നത്. വിവിധ മനുഷ്യാവകാശസംഘടനകളും സാമൂഹിക സംഘടനകളുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാല്‍പതോളം പേര്‍ യോഗങ്ങളില്‍ പങ്കെടുക്കും. ജസ്റ്റിസ് കോള്‍സ് പാട്ടീല്‍, അഡ്വ എന്‍ ഡി പന്‍ചോളി, രാജീവ് യാദവ്, റിട്ട. ഐ ജി അബ്ദുള്‍ റഹിമാന്‍, റിട്ട. ഐ ജി എസ് ആര്‍ ധരപുരി, പ്രൊഫ. എ. മാര്‍ക്‌സ്, സുപ ഉദയകുമാര്‍, തോലാര്‍ സെന്തില്‍, എന്‍ പി ചെക്കുട്ടി, എസ് ജീവന്‍ കുമാര്‍, നവീന്‍ ഗൗതം, ശാന്തനു ബരാടാകൂര്‍, ബാബ്ലൂ ലോയിതാംബാം തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച നിരവധി പേര്‍ പങ്കെടുക്കും. എഎംയു ലോയേഴ്സ് ഫോറം, സംവിധന്‍ ലൈവ്, പച്ച തമിലകം കാച്ചി, ഇലാന്തമിഗകം തുടങ്ങി നിരവധി സംഘടനകളാണ് പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.

യുഎപിഎയെക്കുറിച്ചും രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്ന മറ്റ് നിയമങ്ങളെക്കുറിച്ചും പ്രാഥമിക ധാരണ നല്‍കുകയാണ് പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. നിയമം എങ്ങനെയാണ് ചില വിഭാഗങ്ങളെ തിരഞ്ഞെടുത്ത് ദ്രോഹിക്കാന്‍ ഉപയോഗപ്പെടുത്തുന്നതെന്ന് കേസ് സ്റ്റഡികളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നുണ്ടെന്ന് എംയുആര്‍എല്‍ നാഷണല്‍ കണ്‍വീനര്‍ സിദ്ദിഖ് ഖുറേശി പറഞ്ഞു.

Similar News