ഉറക്കത്തില്‍ മരിച്ച മുഹമ്മദ് ശരീഫിന്റെ മൃതദേഹം ദമ്മാമില്‍ ഖബറടക്കും

എട്ട് വര്‍ഷത്തോളമായി ജിദ്ദയില്‍ റെഡിമെയ്ഡ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ശരീഫ് ഒരു വര്‍ഷം മുമ്പാണ് സ്ഥാപനത്തിന്റെ ദമ്മാം ബ്രാഞ്ചിലേക്ക് മാറിയത്.

Update: 2019-09-30 13:32 GMT

ദമ്മാം: ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പാലം അത്തിക്കാവില്‍ മുഹമ്മദ് ശരീഫ് (44)ന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ കബറടക്കും.എട്ട് വര്‍ഷത്തോളമായി ജിദ്ദയില്‍ റെഡിമെയ്ഡ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ശരീഫ് ഒരു വര്‍ഷം മുമ്പാണ് സ്ഥാപനത്തിന്റെ ദമ്മാം ബ്രാഞ്ചിലേക്ക് മാറിയത്. ഏതാനും ദിവസം മുമ്പ് ശരീഫിന്റെ ഉമ്മ നാട്ടില്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷം വളരെ ദുഃഖിതനായി കാണപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനയുടമയോട് സംസാരിക്കുകയും രണ്ട് ദിവസത്തിനകം നാട്ടില്‍ പോകാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആരോഗ്യ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ പോവാതെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗ്യാസ്ട്രബിളിനുള്ള ഗുളിക വാങ്ങിക്കഴിച്ചിരുന്നു. ഇന്നലെ പ്രഭാത നിസ്‌കാര ശേഷം കിടന്നുറങ്ങിയ ശരീഫ് രാവിലെ ഡ്യൂട്ടി സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വന്ന് വിളിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലിസ് എത്തി പ്രാഥമിക പരിശോധന നടത്തുകയും മൃതദേഹം ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.

അത്തിക്കാവില്‍ മമ്മദ് കുട്ടിയാണ് പിതാവ്. ഭാര്യ ഹഫ്‌സത്ത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്. ശരീഫിന്റെ ജേഷ്ഠന്‍ മുഹമ്മദും സഹോദരപുത്രനും ദമ്മാമില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരാണ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags: