2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബംഗാളില്‍ പൗരത്വനിയമം നടപ്പാക്കുമെന്ന് ബിജെപി മേധാവി

Update: 2022-07-06 09:18 GMT

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) നിയമം (സിഎഎ) നടപ്പാക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാര്‍.

'ബിജെപി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലായ്‌പ്പോഴും പാലിച്ചിട്ടുണ്ട്. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു; അത് ചെയ്തു. സിഎഎയാണ് ഞങ്ങളുടെ ലക്ഷ്യം, ഞങ്ങള്‍ അത് നേടും. സിഎഎ നടപ്പിലാക്കുമെന്നത് ഞങ്ങളുടെ വാഗ്ദാനമാണ് - 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് മജുംദാര്‍ പറഞ്ഞു.

ബംഗാളില്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎയും എന്‍ആര്‍സിയും രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം കുറയ്ക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ഇന്ത്യയുടെ മുസ് ലിംഭൂരിപക്ഷ അയല്‍രാജ്യങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തല്‍ നേരിടുന്ന മുസ്ലിം ഇതരമതവിഭാഗങ്ങള്‍ക്ക് ഒരു കട്ടോഫ് ഡേറ്റിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പദ്ധതിയാണ് സിഎഎ. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സിഖ്, ജെയ്ന്‍, ബുദ്ധിസ്റ്റ്, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ പദ്ധതിപ്രകാരം പൗരത്വം ലഭിക്കുക. 2014 ഡിസംബര്‍ 31ആണ് കട്ടോഫ് ഡേറ്റ്.

Similar News