ബിജെപി വാജ്‌പേയിയുടെ ജന്മദിനം കര്‍ഷക ദിനമായി ആചരിക്കുന്നു

Update: 2020-12-17 15:42 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ആര്‍എസ്എസ് നേതാവുമായിരുന്ന വാജ്‌പേയിയുടെ ജന്മദിനം ബിജെപി കര്‍ഷക ദിനമായി ആചരിക്കുന്നു. അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡിസംബര്‍ 25നാണ് വാജ്‌പേയുടെ ജന്മദിനം. കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി നിരവധി നയങ്ങള്‍ക്ക് രൂപം കൊടുത്ത വാജ്‌പേയിയുടെ ജന്മദിനത്തേക്കാള്‍ അനുയോജ്യമായ ദിനം മറ്റൊന്നില്ലെന്ന് ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വിളിച്ചുചേര്‍ക്കുന്ന കര്‍ഷക യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, മന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

ഡിസംബര്‍ 25ന് രാജ്യത്തൊട്ടാകെ കര്‍ഷക സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും പദ്ധതിയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിച്ചാല്‍ തീരുന്നതേയുള്ള കാര്‍ഷിക നിയമത്തെക്കുറിച്ചുള്ള സംശയങ്ങളെന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. ഇതുവഴി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്നും ബിജെപി വിലയിരുത്തുന്നു.

മുന്‍പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ ജന്മദിനമായ ഡിസംബര്‍ 23 ആണ് ഇന്ത്യയുടെ ഔദ്യോഗിക കര്‍ഷകദിനം. അന്നേ ദിവസം എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമല്ല.

Tags:    

Similar News