മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 17ന് വിതരണം ചെയ്യും

Update: 2022-03-13 07:09 GMT

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ രംഗത്തെ മികവിന് നല്‍കുന്ന സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡുകളും 17ന് വൈകിട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

2018, 2019 വര്‍ഷങ്ങളിലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും 2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡുകളുമാണ് നല്‍കുന്നത്. കൊവിഡ് സാഹചര്യത്തിലാണ് അവാര്‍ഡ് വിതരണം വൈകിയത്. പത്രപ്രവര്‍ത്തന രംഗത്തെ അതികായനായ എം. എസ്. മണിക്കാണ് 2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. കാര്‍ട്ടൂണ്‍ രംഗത്തെ കുലപതി യേശുദാസനാണ് 2019ലെ പുരസ്‌കാരം.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡോ. ശശിതരൂര്‍ എം. പി., മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, കെ. യു. ഡബഌു. ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. സുഭാഷ്, ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ സംബന്ധിക്കും. പുരസ്‌കാര വിതരണത്തിനു ശേഷം രാത്രി ഏഴിന് ഷഹബാസ് അമന്‍ നയിക്കുന്ന കലാപരിപാടിയും അരങ്ങേറും.