പാര്‍ലമെന്റില്‍ ഒരു ബില്ല് പാസ്സാക്കാന്‍ എടുത്ത ശരാശരി സമയം 10 മിനിറ്റ്; കേന്ദ്ര സര്‍ക്കാരിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകകാല സമ്മേഷനത്തില്‍ ബില്ലുകള്‍ പാസ്സാക്കിയത് ഒരു വിധ ചര്‍ച്ചകളും നടത്താതെയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബില്ലുകള്‍ പാസ്സാക്കാന്‍ ശരാശരി എടുത്ത സമയം പത്ത് മിനിറ്റാണെന്നും തൃണമൂല്‍ എംപിമാര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ച തിന്റെ ഭാഗമായി വിളിച്ചുചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് തൃണമൂല്‍ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. ആകെ 39 ബില്ലുകള്‍ ഒരു ചര്‍ച്ചയും കൂടാതെയാണ് പാസ്സാക്കിയതെന്ന് തൃണമൂല്‍ നേതാക്കളും എംപിമാരുമായ ഡെറക് ഒബ്രിയാന്‍, സൗഗത റോയി എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇങ്ങനെയല്ല, ഒരു ജനാധിപത്യരാജ്യം പ്രവര്‍ത്തിക്കേണ്ടത്. ഒരു ബില്ല് പാസ്സാക്കാന്‍ എടുത്തത് വെറും പത്ത് മിനിറ്റാണ്. എന്നിട്ടും പറയുന്നത് പ്രതിപക്ഷം സമ്മേളനത്തെ അട്ടിമറച്ചുവെന്നാണ്- ഡെറക് ഒബ്രിയാന്‍ പറഞ്ഞു.
2014ല്‍, 60-70 ശതമാനം ബില്ലുകള്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പുനപ്പരിശോധനക്കയച്ചെങ്കില്‍ ഈ സമ്മേളനത്തില്‍ ആകെ പതിനൊന്നെണ്ണമാണ് അയച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെഗസസ് ചാര സോഫ്റ്റ് വെയര്‍ വഴി രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ പ്രശ്‌നത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നിസ്സഹകരണ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കിയത്. മിക്കവാറും ബില്ലുകള്‍ ഒരുവിധ ചര്‍ച്ചയും ഇല്ലാതെയാണ് പാസ്സാക്കിയത്. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിടുന്ന സമുദായങ്ങളുടെ പട്ടിക നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ബില്ലില്‍ മാത്രമാണ് ചര്‍ച്ച നടന്നത്.
പാര്‍ട്ടി പ്രതിപക്ഷ ഐക്യത്തെ എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു. വര്‍ഷകാല സമ്മേളന കാലയളവില്‍ പാര്‍ട്ടി പ്രതിപക്ഷവുമായി പൂര്‍ണമായി സഹകരിച്ചെന്നും സൗഗത റോയി പറഞ്ഞു.
ഞങ്ങളുടെ നേതാവ് മമതാ ബാനര്‍ജി ഡല്‍ഹിയില്‍ വന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ടു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ഒരു സംശയമുണ്ടാക്കാനും ഞങ്ങളുടെ പാര്‍ട്ടി ശ്രമിച്ചില്ല. ഞങ്ങളുടെ നിലപാടുകള്‍ മറ്റ് പാര്‍ട്ടികള്‍ മനസ്സിലാക്കണം. തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തനിച്ചാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

