ഓട്ടൊറിക്ഷ ഡ്രൈവര്‍ ചിറയില്‍ മുങ്ങി മരിച്ചു

Update: 2020-12-26 18:24 GMT

മാളഃ ഓട്ടോറിക്ഷ ഡ്രൈവര്‍ നടവരമ്പ് പൊയ്യ ചിറയില്‍ മുങ്ങി മരിച്ചു. നടവരമ്പ് കൊറ്റംതോട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ ഷൈലേക്ക് (40) ആണ് മരിച്ചത്. ഓട്ടോറിക്ഷ ജോലിക്കിടെ ഇയാള്‍ താറാവുകളെ വളര്‍ത്തിയിരുന്നു. ദിവസേന രാവിലെ താറാവുകളെ പൊയ്യ ചിറയില്‍ തീറ്റക്കായി കൊണ്ടു വിടുമായിരുന്നു. വൈകീട്ട് താറാവുകളെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു. വെള്ളിയാഴ്ച രാവിലെ താറാവുകളെ പൊയ്യ ചിറയില്‍ കൊണ്ടു വിട്ടു. വൈകീട്ട് താറാവുകളെ ചിറയിില്‍ നിന്നും എടുക്കുന്നതിനിടെ മുങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. കൊവിഡ് പരിശോധനക്ക് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു. ഭാര്യ നീതു. മക്കള്‍ അലന്‍, അവന്തിക.