അധികാരികള്‍ കൈയൊഴിഞ്ഞു; താനൂരിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കരക്കെത്തിച്ചത് സഹപ്രവര്‍ത്തര്‍

Update: 2022-08-05 01:29 GMT

താനൂര്‍: താനൂര്‍ കടപ്പുറത്തു നിന്ന് അഞ്ച് ദിവസം മുമ്പ് അഞ്ച് പേരുമായി മത്സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികളുടെ ബോട്ട് കരക്കെത്തിച്ചത് സഹപ്രവര്‍ത്തകര്‍. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും കൈയൊഴിഞ്ഞതോടെയാണ് മല്‍സ്യത്തൊഴിലാളികളുടെ കണ്ണീര്‍ തിരിച്ചറിഞ്ഞ് സഹപ്രവര്‍ത്തകര്‍ കടലിലേക്ക് പുറപ്പെട്ടത്.


അഞ്ച് തൊഴിലാളികളുമായി താനൂരില്‍നിന്ന് മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ചെറിയ ബോട്ടാണ് കടലില്‍ കുടുങ്ങിയത്. നടുക്കടലില്‍വച്ച് എഞ്ചിന്‍ ഓഫാകുകയായിരുന്നു. മറ്റു മല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് മന്ത്രിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍നടത്തി അഞ്ച് പേരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോട്ട് വലിച്ചെത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സഹജീവിയുടെ വേദന മനസിലാക്കി സ്വന്തം ജീവന്‍ പണയപ്പെടുത്തി, കോസ്റ്റ് ഗാര്‍ഡിന്റെയും ഫിഷറീഷ് വകുപ്പിന്റെയും വിലക്കുകള്‍ മറികടന്ന് ചെറിയബാബയുടെ നേതൃത്വത്തിലുള്ള സംഘം ബോട്ട് കരക്കെത്തിച്ചത്.


രക്ഷാസംഘം ഉച്ചക്ക് രണ്ട് മണിയോടെയാണ് ആഴക്കടലിലേക്ക് പുറപ്പെട്ടത്. രാത്രി 9 മണിയോടെ ബോട്ട് കണ്ടെത്തി. അവിടെനിന്ന് രാത്രി 11ന് ബോട്ടുമായി കരയിലേക്ക് തിരിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെ താനൂര്‍ ഹാര്‍ബറില്‍ തിരിച്ചെത്തി. കുഞ്ഞാവ, ഗഫൂര്‍, സിദ്ദീഖ്, സുബൈര്‍, അര്‍ഷാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുളളവര്‍. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ താനൂര്‍ ഒസ്സാന്‍ കടപ്പുറം സ്വദേശി ചെറിയബാബ എസ്ഡിപിഐ താനൂര്‍ ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് കൂടിയായാണ്.

ബോട്ടിന് 12 ലക്ഷം രൂപ വിലവരും.