ഒഡീഷയിലെ ആക്രമണം വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനം; ഒറ്റക്കെട്ടായി ചെറുക്കണം': മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2025-08-08 17:58 GMT

തിരുവനന്തപുരം: ഒഡീഷയില്‍ മലയാളികളായ കത്തോലിക്ക പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ചാണ് സംഘപരിവാര്‍ ഗുണ്ടകള്‍ പുരോഹിതരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതെന്നും രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണ് ആക്രമണമെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

''ഒഡീഷയിലെ ജലേശ്വറില്‍ കേരളീയ കത്തോലിക്കാ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ച് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍, രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണ്, ആഴ്ചകള്‍ക്കു മുന്‍പ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ അതിക്രമത്തെ മതേതര, ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണം.'' മുഖ്യമന്ത്രി വ്യക്തമാക്കി