മലബാര്‍ രക്തസാക്ഷികളുടെ പേര് ഒഴിവാക്കിയ നടപടി രാജ്യദ്രോഹമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2021-08-23 15:27 GMT

തിരുവനന്തപുരം: ബ്രിട്ടീഷ് അക്രമവാഴ്ചയ്‌ക്കെതിരേ മലബാറില്‍ അരങ്ങേറിയ സ്വാതന്ത്യ പോരാട്ടത്തില്‍ രക്തസാക്ഷികളാവുകയും ചരിത്രത്തില്‍ ധീര ദേശാഭിമാനികളായി സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച ഐസിഎച്ച്ആറിന്റെ നടപടി അങ്ങേയറ്റം അപലപനീയവും രാജ്യദ്രോഹപരവുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ് ഒളിയജണ്ടയാണ് ഐ സി എച്ച് ആര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

അധിനിവേശ ശക്തികള്‍ക്കെതിരേ നൂറ്റാണ്ടുകളോളം സ്വാതന്ത്ര്യ പോരാട്ടം നടത്തുകയും പതിനായിരക്കണക്കിന് രക്തസാക്ഷികളെ രാജ്യത്തിന് സംഭാവന ചെയ്യുകയും ചെയ്ത ഒരു സമുദായത്തിന്റെ ചരിത്രമാണ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ഇപ്പോള്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്.

മുസ് ലിംകള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ തമസ്‌കരിക്കുക, ദേശസ്‌നേഹികളുടെയും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെയും പേരുകള്‍ വെട്ടിമാറ്റുക, മുസ് ലിം സ്ഥലനാമങ്ങളും സ്വാതന്ത്ര്യസമരസ്മാരകങ്ങളും മാറ്റിമറിക്കുക, മുസ് ലിംകളെ പിശാചുവല്‍ക്കരിക്കുക തുടങ്ങിയ പരിപാടികളിലൂടെ മുസ് ലിം സമൂഹത്തെ ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷൃത്തിനനുസരിച്ച് വംശീയ ഉന്മൂലനത്തിന് പാകമാക്കിയെടുക്കുന്നതിന്റെ ഭാഗമാണ് മലബാര്‍സമരരക്തസാക്ഷികളുടെ പേര് വെട്ടിമാറ്റലും. 

സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കുകയും രാഷ്ട്രപിതാവിനെ വധിക്കുകയും ചെയ്ത ഹിന്ദുത്വ വംശീയവാദികളാണ് മുസ് ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തമാശയാവുകയാണ്. കശ്മീര്‍, ലക്ഷദ്വീപ് പോലെ മുസ് ലിം ഭൂരിപക്ഷ മേഖലകളിലേക്കുള്ള വംശീയ ഭ്രാന്തിന്റെ ഭാഗമാണ് മലബാറിലേക്കുള്ള ഈ നീക്കവും. പരമ്പരാഗതമായ സമരവീര്യവും നീതിബോധവും കൈയൊഴിച്ച് അപകര്‍ഷതയും ക്ഷമാപണസ്വരവും കൊണ്ടു നടന്നാല്‍ രക്ഷപ്പെട്ടു പോരാമെന്നത് സമുദായത്തില്‍ ചിലരെങ്കിലും കുരുന്നുണ്ട്. അത് ശരിയല്ല.

ഒരു സമുദായത്തിന്റെ ചരിത്രത്തെയും ദേശാഭിമാനത്തെയും ചോദ്യം ചെയ്യുമ്പോള്‍ നോക്കിയിരിക്കാതെ ഇടപെടാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാജ്യസ്‌നേഹപരമായ ബാധ്യതയുണ്ടെന്ന് കൗണ്‍സില്‍ ഓര്‍മിപ്പിച്ചു.

യോഗത്തില്‍ ടി.അബ്ദുറഹ്മാന്‍ ബാഖവി, വി.എം. ഫതഹുദ്ദീന്‍ റഷാദി, കെ.കെ. അബ്ദുല്‍ മജിദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുസ്സലീം ഖാസിമി, അബ്ദുല്‍ ഹാദി മൗലവി പങ്കെടുത്തു. 

Tags:    

Similar News