ഓടക്കയത്ത് ആദിവാസികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

Update: 2020-08-06 12:13 GMT

അരീക്കോട്: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ചെക്കുന്ന് മലക്ക് താഴെ ഈന്തും പാലി ആദിവാസി കോളനിയിലെ പതിമൂന്ന് കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറി. ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍, വെറ്റിലപ്പാറ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് ആദിവാസികളോട് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഓടക്കയം ഭാഗങ്ങളില്‍ ആദിവാസികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് മുന്‍പ് ഉരുള്‍പ്പൊട്ടല്‍ നടന്നത്. 2018ല്‍ നടന്ന ഉരുള്‍പ്പൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിച്ചിരുന്നു.

ഓടക്കയം ഈന്തും പാലി ആദിവാസി കോളനിയുടെ വീടുകള്‍ക്ക് മുകളിലായി ഭീമാകാരമായ കല്ല് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നത് പൊട്ടിച്ചു കളയാന്‍ രണ്ടു വര്‍ഷം മുന്‍പ് മലപ്പുറം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും റവന്യു ഡിപ്പാര്‍ട്ട്‌മെന്റും പഞ്ചായത്തും നടപ്പാക്കിയിട്ടില്ല. മഴ കനത്താല്‍ കല്ല് ആദിവാസി വീടുകള്‍ തകര്‍ത്ത് കൊണ്ടായിരിക്കും താഴേക്ക് പതിക്കുക. പ്രതിഷേധം മൂലം ഈ പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനം തല്‍ക്കാലും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ചെക്കുന്ന്മല കേന്ദ്രികരിച്ചാണ്. കേന്ദ്ര ഭൗമ പഠന സംഘം ചെക്കുന്ന് മലയില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് മലയോരത്തെ പരിസരവാസികളും ഭീതിയിലാണ്.

Tags: