വിദ്യാലയങ്ങള്‍ തുറക്കുംമുന്‍പേ അക്കാദമിക മാസ്റ്റര്‍ പ്ലാനും സ്‌കൂള്‍ മാന്വലും പുറത്തിറക്കും

Update: 2022-05-11 14:39 GMT

തിരുവനന്തപുരം: വരുന്ന അധ്യയന വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്‍പുതന്നെ സ്‌കൂള്‍ മാന്വലിനും അക്കാദമിക മാസ്റ്റര്‍ പ്ലാനിനും അംഗീകാരം നല്‍കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാലയങ്ങളുടെ അക്കാദമിക, നോണ്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ മാന്വല്‍, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ എന്നിവയുടെ കരട് മാര്‍ഗരേഖ അവതരണവും ചര്‍ച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനം മുതലുള്ള ഓരോ കാര്യങ്ങളിലും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വരുമെന്നു മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, അധ്യാപക രക്ഷാകര്‍തൃ സമിതി തുടങ്ങി ഓരോ വിഭാഗത്തിന്റെയും ചുമതലകളും പ്രവര്‍ത്തനരീതിയുമടങ്ങുന്നതാകും സ്‌കൂള്‍ മാന്വലും അക്കാദമിക മാസ്റ്റര്‍ പ്ലാനും. വിദ്യാഭ്യാസ രംഗത്തെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം സാധ്യമാക്കുന്നതിനും കൃത്യമായ പ്രവര്‍ത്തനരേഖ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നതിനും കഴിയും. പുതുതായി 10 ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയതു നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: