77 മന്ത്രിമാരെയും 8 ഗ്രൂപ്പായി തിരിക്കുന്നു; ഭരണ നിര്‍വഹണം മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Update: 2021-11-15 03:28 GMT

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ഭരണനിര്‍വഹണം മെച്ചപ്പെടുത്താന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ കേന്ദ്ര മന്ത്രിസഭയിലെ 77 മന്ത്രിമാരെയും 8 ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരോ ഗ്രൂപ്പിനെയും ഓരോ കാര്യങ്ങള്‍ ഏല്‍പ്പിച്ച് ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവപരിചയം, യുവഗവേഷകരുടെയും സാങ്കേതികവിദഗ്ധരുടെയും വൈദഗ്ധ്യം എന്നിവയെ ഭരണനിര്‍വഹണത്തില്‍ ഉപയോഗിക്കുന്നതിനുള്ള ആലോചനയും ഇതിന്റെ ഭാഗമാണ്. 

77 മന്ത്രിമാരാണ് ഈ കാബിനറ്റിലുള്ളത്. അവരെ എട്ടും ഒമ്പതും പേര്‍ വരുന്ന എട്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിനും ഒരു തലവനുണ്ടാവും. അദ്ദേഹവും മറ്റംഗങ്ങളും ചേര്‍ന്ന് പ്രഫഷണലുകളെ കണ്ടെത്തി അവരെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കി ഓരോ രംഗത്തും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഭരണനിര്‍വഹണം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. അതുവഴി ഭരണരംഗത്ത് സുതാര്യത കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നയപരിപാടികള്‍ നടപ്പാക്കാനും മേല്‍നോട്ടം വഹിക്കാനും തീരുമാനിച്ചത്. ഓരോ ഗ്രൂപ്പുമായി പ്രധാനമന്ത്രി മണിക്കൂറുകളോളം സംസാരിച്ചു.

അഞ്ച് കാര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമം- വ്യക്തിപരമായ കാര്യക്ഷമത, സര്‍ക്കാര്‍ നയം നടപ്പാക്കല്‍, മന്ത്രാലയത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും, പാര്‍ട്ടി കോര്‍ഡിനേഷനും ഫലപ്രദമായ ആശയവിനിമയവും, പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയവ. 

അവസാന യോഗത്തില്‍ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ സ്പീക്കറും പങ്കെടുത്തു.

സര്‍ക്കാരിന്റെ നയപരിപാടികള്‍ വേഗത്തില്‍ നടപ്പാക്കാനും നിരീക്ഷിക്കാനുമൊക്കെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്.

ഓരോ വകുപ്പും അവരുടെ പ്രകടനവുമായി ബന്ധപ്പെട്ട രേഖകളും ഡാറ്റയും ഒരു ഡാഷ് ബോര്‍ഡിലൂടെ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

ഹര്‍ദീപ് സിങ് പുരി, നരേന്ദ്ര സിങ് തമൊര്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി, അനുരാജ് താക്കൂര്‍ എന്നിവരാണ് ഓരോ ഗ്രൂപ്പിന്റെയും മേധാവികള്‍.