ആഗസ്റ്റ് നാലിന് 500 റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കും; ഒഴിവുകള്‍ അടിയന്തരമായി റിപോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം

Update: 2021-07-16 02:11 GMT

തിരുവനന്തപുരം: 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.

സീനിയോറിറ്റി തര്‍ക്കം, കോടതി കേസുകള്‍ എന്നിവ കാരണം പ്രമോഷന്‍ നടത്താന്‍ തടസ്സമുള്ള കേസുകളില്‍ പ്രമോഷന്‍ തസ്തികകള്‍ പി.എസ്. സിക്ക് റിപോര്‍ട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡര്‍ ചെയ്യാന്‍ നിലവില്‍ ഉത്തരവുണ്ട്.

വേക്കന്‍സികള്‍ ഉണ്ടാകുന്ന മുറക്ക് പി. എസ്. സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.