അഴിമതിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരെന്ന വ്യാജേന പണംതട്ടി: രണ്ടുപേര്‍ പിടിയിൽ
തൃപ്പൂണിത്തുറ: അഴിമതിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപാരികളില്‍ നിന്ന് പണംതട്ടിയ രണ്ടുപേര്‍ പൊലീസിന്‍റെ പിടിയിലായി. സംസ്ഥാന സര്‍ക്കാരിന്‍റെ വ്യാജരസീത് ഉള്‍പ്പെടെ അച്ചടിച്ചുള്ള തട്ടിപ്പ് വ്യാപാരികള്‍ കയ്യോടെ പിടികൂടുകയായിരുന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയുടെ ഫ്ലക്സ് സ്ഥാപിക്കാനെന്ന പേരിലാണ് പണംതട്ടിയത്.
കാക്കനാട് മണ്ണൂർക്കാട്മൂല വീട്ടിൽ സവാദ്, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മോഹൻകുമാർ എന്നിവരെയാണ് വ്യാപാരികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ നടക്കുന്ന പരിപാടിക്ക് ഫ്ലക്സ് വെയ്ക്കാന്‍ സംഭാവന ആവശ്യപ്പെട്ടാണ് ഇരുവരും വ്യാപാരികളെ സമീപിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയോജിച്ച് നടപ്പിലാക്കുന്ന പരിപാടിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.