കായികരംഗത്ത് ജെന്റര്‍ ന്യൂട്രാലിറ്റി വേണമെന്ന്; കായികതാരങ്ങള്‍ ഹിജാബ് ധരിക്കുന്നതിനെതിരേ ഫ്രഞ്ച് സെനറ്റ്

Update: 2022-01-20 05:20 GMT

പാരിസ്: കായികമല്‍സരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിനെതിരേ ഫ്രഞ്ച് സെനറ്റ്. കായികമേഖലയില്‍ ജെന്റര്‍ ന്യൂട്രാലിറ്റി വേണമെന്ന വാദത്തിന്റെ ഭാഗമായാണ് ഭൂരിഭാഗം സെനറ്റ് അംഗങ്ങളും ഹിജാബിനെതിരേ വോട്ട് ചെയ്തത്.

വ്യാഴാഴ്ചയാണ് ഫ്രഞ്ച് ഉപരിസഭ ഹിജാബിനെതിരേ വോട്ട് ചെയ്തത്. വലതുപക്ഷ സെനറ്ററാണ് ഹിജാബ് നിരോധനത്തിനുവേണ്ടിയുള്ള ഭേദഗതി അവതരിപ്പിച്ചത്. 143 നെതിരേ 160 വോട്ടോടെ ഭേദഗതി പാസായി.

സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളിലും മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ ഇനി മുതല്‍ പ്രകടമായ മതചിഹ്നങ്ങള്‍ ധരിക്കുന്നത് ഭേദഗതി പ്രകാരം നിരോധിച്ചിരിക്കുകയാണ്.

കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തലമറയ്ക്കരുതെന്ന് ഭേദഗതി കൃത്യമായി എടുത്തുപറഞ്ഞിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കുന്നത് അത്‌ലറ്റുകളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും നിയമം പറയുന്നു.

വലത് പാര്‍ട്ടിയില്‍പ്പെട്ട ലെ റിപബ്ലിക്കന്‍സ് ആണ് ഭേദഗതി നിര്‍ദേശിച്ചത്. 143 നെതിരേ 160 വോട്ടുകളോടെ ഭേദഗതി പാസ്സായി.

അതേസമയം ഭേദഗതി പാസായിട്ടുണ്ടെങ്കിലും ചില നിയമപരമായ നടപടികള്‍ ശേഷിക്കുന്നുണ്ട്. ഭേദഗതി വേണമെങ്കില്‍ ഇനിയും പിന്‍വലിക്കാനുള്ള സാധ്യതയാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്.

2024 പാരിസ് ഒളിംപിക്‌സിനു മുമ്പ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. ഒളിംപിക്‌സ് സംഘാടക സമിതി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഫ്രാന്‍സിനെ 'തീവ്ര ഇസ്ലാമിസ്റ്റുകളില്‍' നിന്ന് സംരക്ഷിക്കുന്നതിനും 'ഫ്രഞ്ച് മൂല്യങ്ങളോടുള്ള ബഹുമാനം' പ്രോത്സാഹിപ്പിക്കുന്നതിനുമായി പള്ളികള്‍, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവയുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു ബില്ല്

ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയില്‍ അവതരിപ്പിക്കുന്നതെന്നാണ് വാദം. ഒരു വര്‍ഷത്തിനുശേഷമാണ് ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ഓരോ പൗരനും അവന്റെ അല്ലെങ്കില്‍ അവളുടെ മതം ആചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അവരുടെ വ്യതിരിക്തകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സെനറ്റര്‍മാരുടെ ആവശ്യം.

ഔദ്യോഗിക മത്സരങ്ങളിലും അത് സംഘടിപ്പിക്കുന്ന മത്സരങ്ങളിലും സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്.

Tags: