ശ്രീനാരായണ ഗുരുവിന്റെ പ്രതിമയ്ക്കു പകരം ആദി ശങ്കരനെ ഉള്‍പ്പെടുത്തണമെന്ന്; റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കി
ന്യൂഡല്‍ഹി: റിപബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കുന്നതിനുള്ള ടാബ്ലോ രാഷ്ട്രീയകാരണങ്ങളാല്‍ കേന്ദ്ര ജൂറി തള്ളിക്കളഞ്ഞതായി പരാതി. കേന്ദ്ര പ്രതിരോധ മന്ത്രാലയം നിയമിച്ച ജൂറിയാണ് അവസാന നിമിഷം ടാബ്ലോക്ക് അനുമതി നിഷേധിച്ചത്. രാജീവ് അഞ്ചല്‍ നിര്‍മിച്ച ജഡായു ശില്‍പ്പത്തിന്റെ മാതൃകയോടൊപ്പം ശ്രീനാരായണ ഗുരുവിന്റെ ശില്‍പ്പം മാറ്റി ആദിശങ്കരന്റെ ശില്‍പ്പം കൂടി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര ജൂറിയുടെ നിര്‍ദേശം പാലിക്കാത്തതിനാലാണ് ടാബ്ലോക്ക് അനുമതി നിഷേധിച്ചതെന്നാണ് ഒരു റിപോര്‍ട്ട്. എന്നാല്‍ ഗുരുവിന്റെ ശില്‍പം മാറ്റാതെത്തന്നെ നേരത്തെ വച്ചിരുന്ന സ്ത്രീശാക്തീകരണ ലോഗോ മാറ്റി പകരം ആദി ശങ്കരനെ വച്ചിരുന്നുവെന്നും എന്നിട്ടും അനുമതി നിഷേധിക്കുകയായിരുന്നെന്നും പറയുന്നു.
തികച്ചും വ്യത്യസ്തമായ രണ്ട് റിപോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുളളത്.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്നതായിരുന്നു ഇത്തവണത്തെ റിപബ്ലിക് ദിന പരേഡ് തീം. 2019ലും 2020ലും കേരളത്തെ പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും മാത്രമാണ് ടാബ്ലോ അവതരിപ്പിക്കാന്‍ അനുവദിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
അഞ്ച് ഘട്ട സ്‌ക്രീനിങ്ങിനു ശേഷമാണ് അനുമതി നല്‍കാറുളളത്. ആദ്യ ഘട്ടത്തില്‍ കേരളത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് കേരളം തള്ളിപ്പോയത്.
2020ലും സമാനമായ സാഹചര്യത്തില്‍ കേരളത്തിന്റെ ടാബ്ലോ തള്ളിപ്പോയിരുന്നു.
