പരപ്പനങ്ങാടി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാകാതെ ഒറ്റപ്പെട്ട കര്‍ണാടകയിലെ മൂന്ന് യുവാക്കള്‍ക്ക് താനൂര്‍ ബ്ലോക്ക് ഓഫിസ് പരിസരത്തെ യുവാക്കളുടെ കൂട്ടായ്മ ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷണമൊരുക്കി. താനൂര്‍ കടപ്പുറത്ത് ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്ന സാങ്കേതിക പ്രവര്‍ത്തകരായ കേശവ്, യശ്വന്ത്, വിപിന്‍ എന്നിവര്‍ താനൂരില്‍ എത്തിയിട്ട് ഒട്ടേറെ ദിവസങ്ങളായി. ഇവര്‍ ബ്ലോക്ക് ഓഫിസിന് സമീപത്തെ വാടകമുറിയില്‍ താമസിച്ചുവരികയാണ്. കര്‍ണാടകയിലെ ബട്കല്‍ സ്വദേശികളാണിവര്‍.
പൊതുപ്രവര്‍ത്തകനും മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ട്രഷററുമായ മാമച്ചന്‍ അഷ്‌റഫ് തന്റെ വീട്ടില്‍ ഉണ്ടാക്കിയ ചോറും, സാമ്പാറും, ചെമ്മീന്‍ പൊരിച്ചതും ഇവര്‍ക്ക് നല്‍കി. ഒപ്പം പൊതുപ്രവര്‍ത്തകരായ അമീര്‍ താനൂര്‍, ഷഫീക്ക് പിലാതോട്ടത്തില്‍, ഷിബിന്‍ ടി ഗംഗാധരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
ഈ പ്രതിസന്ധിഘട്ടത്തില്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ പൊതുപ്രവര്‍ത്തകര്‍ക്ക് കര്‍ണാടക സ്വദേശികള്‍ നന്ദി പറഞ്ഞത് 'മാനവികതക്ക് അതിരുകളില്ല' എന്ന് പറഞ്ഞുകൊണ്ടാണ്.