'തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം കേസിനെ ബാധിക്കും'; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എസ്ഐടി

തീരുമാനം നാളെ

Update: 2026-02-22 10:11 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുള്ള കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കേസില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ജാമ്യ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടാന്‍ നീക്കമുണ്ട്. തന്ത്രിക്കെതിരേ തെളിവുകളില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരേയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കുക. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.

ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം എന്നാല്‍ അത് നിലവില്‍ സാധ്യതയില്ല. ഡിജിപിയോട് സംസാരിച്ച ശേഷം നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി മുന്നോട്ട് പോകാനാണ് എസ്‌ഐടിയുടെ തീരുമാനം. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലില്‍ വ്യക്തമാണ്. തന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും ഉത്തരവില്‍ പറയുന്നു. വിജിലന്‍സ് കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക സിംഗിള്‍ ബെഞ്ചിലേക്കായിരിക്കും തന്ത്രിയുടെ ജാമ്യ ഉത്തരവിനെതിരേ എസ്ഐടിക്ക് എത്താന്‍ കഴിയുക.

ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. തന്ത്രിക്കെതിരേയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന പരാമര്‍ശമടക്കം കോടതിയുടെ ഭാഗത്ത്നിന്നുണ്ടായിരുന്നു. ജാമ്യഹരജി പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് പോയിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുള്ളതാണ്. എന്നാല്‍ അതിന്റെ ലംഘനം കൊല്ലം വിജിലന്‍സ് കോടതിയുടെ ജാമ്യ ഉത്തരവിലുണ്ടെന്നാണ് എസ്ഐടി വിലയിരുത്തല്‍. നിയമവിദഗ്ധരുമായി എസ്ഐടി കൂടിയാലോചന നടത്തുന്നുണ്ട്. ഹൈക്കോടതിയിലേക്ക് എത്തിയാല്‍ ഈ പരാമര്‍ശങ്ങള്‍ നീക്കംചെയ്യാനും ജാമ്യം നല്‍കിയ ഉത്തരവ് ചോദ്യംചെയ്യാനുമുള്ള സാധ്യതയുണ്ടാകും.

Tags: