'ലൗ ജിഹാദ്' അപസര്‍പ്പക കഥകളും മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി താമരശ്ശേരി രൂപത വേദപാഠപുസ്തകം

Update: 2021-09-14 17:25 GMT

വയനാട്: മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളും കള്ളക്കഥകളും കുത്തിനിറച്ച് താമരശ്ശേരി രൂപതയുടെ വേദപാഠപുസ്തകം. ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള വേദപാഠ പുസ്തകത്തിലാണ് മുസ് ലിംകളെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള നിരവധി ഭാഗങ്ങളുള്ളത്.

സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ' എന്ന പേരില്‍ താമരശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രമാണ് 130 പേജുളള പുസ്തകം അടിച്ചിറക്കിയിരിക്കുന്നത്. പാഠപുസ്തകം പഠിക്കുന്ന കുട്ടികളുടെ മനസ്സില്‍ വിദ്വേഷം മുളപ്പിക്കുന്ന തരത്തിലാണ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്.

വേദപാഠ പുസ്തകത്തിന്റെ പ്രകാശനം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനി കഴിഞ്ഞ ദിവസമാണ് നിര്‍വഹിച്ചത്. ക്രിസ്തീയ വിശ്വാസങ്ങള്‍ക്കെതിരേ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പാഠപുസ്തകമെന്ന് പ്രകാശനച്ചടങ്ങില്‍ അദ്ദേഹം അവകാശപ്പെട്ടു.

പുസ്തകത്തിന് ആകെ നാല് ഭാഗങ്ങളുണ്ട്. അല്ലാഹുവിന് സാത്താന്‍ സ്വഭാവുണ്ട്. അല്ലാഹു മുസ് ലിംകളെ മാത്രം സ്‌നേഹിക്കുന്നു. ലൗ ജിഹാദിനെക്കുറിച്ചും പരാമര്‍ശമുണ്ട്. മുസ് ലിംകള്‍ 'പ്രണയക്കെണികള്‍ ഒരുക്കുന്നതെങ്ങനെ?' എന്ന മട്ടിലാണ് ചോദ്യങ്ങള്‍.

ലൗ ജിഹാദിനെക്കുറിച്ച് പറയാന്‍ ധാരാളം ഭാഗം നീക്കിവച്ചിരിക്കുന്നു. ജിഹാദിനെ പരിചയപ്പെടുത്തുന്നുവെന്ന മട്ടിലാണ് ആഖ്യാനം. മുസ് ലിംകള്‍ പ്രണയക്കെണികള്‍ ഒരുക്കുന്നുവെന്നും അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളും അക്കമിട്ട് നിരത്തിയിരിക്കുന്നു. അത് ഇല്ലാതാക്കാന്‍ സ്വീകരിക്കാവുന്ന മുന്‍കരുതലുകളും പറഞ്ഞുവച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ വശത്താക്കി വിവാഹം കഴിച്ച് മതം മാറ്റുന്നതിന്റെ ഒമ്പത് ഘട്ടങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി പല രീതിയില്‍ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും വീഴ്ത്തുന്നതെങ്ങനെയെന്നാണ് ഒമ്പത് ഘട്ടങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്. മതം മാറ്റുന്നവര്‍ക്ക് മുസ് ലിംകള്‍ പണം നല്‍കുന്നുവെന്ന ആരോപണവുമുയര്‍ത്തിയിട്ടുണ്ട്.

നൂറുകണക്കിന് ഇടവകകളിലെ കുട്ടികളാണ് ഈ പാഠപുസ്തകം പഠിക്കുന്നത്.

Tags:    

Similar News