തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി;പോലിസ് അന്വേഷണമാരംഭിച്ചു

കുടുംബ കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതാകാം ഭീഷണിക്ക് പിറകിലെന്നാണ് പോലിസ് സംശയിക്കുന്നത്

Update: 2022-02-26 04:21 GMT

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് ഇന്നലെ വൈകിട്ട് പോസ്റ്റര്‍ കണ്ടെത്തിയത്. കോടതി ബോംബിട്ട് തകര്‍ക്കുമെന്നും,ഫാമിലി കൗണ്‍സിലിനിടയില്‍ മര്യാദയില്ലാതെ ആണുങ്ങളോട് തട്ടി കയറുന്ന വനിതാ വക്കീലിന്റെ തലതെറിപ്പിക്കുമെന്നുമാണ് പോസ്റ്ററിലൂടെ ഭീഷണി മുഴക്കിയത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിലാണ് കടലാസില്‍ എഴുതിയ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. തലശ്ശേരി പോലിസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

കുടുംബ കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതാകാം ഭീഷണിക്ക് പിറകിലെന്നാണ് പോലിസ് സംശയിക്കുന്നത്. പോരാട്ടം എന്ന പേരിലാണ് പോസ്റ്ററിലെ വരികള്‍ അവസാനിക്കുന്നത്. എന്നാല്‍, മാവോയിസ്റ്റ് സംഘടനകളുമായി പോസ്റ്ററിന് ബന്ധമുണ്ടെന്ന സൂചനകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. കോടതി അധികൃതരുടെ പരാതിയെ തുടര്‍ന്ന് തലശ്ശേരി പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News