ടെക്‌സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും ഒബാമയും ക്ലിന്റനും

Update: 2022-05-25 03:57 GMT

ന്യൂയോര്‍ക്ക്: ടൈക്‌സാസിലെ എലമന്ററി സ്‌കൂളില്‍ ചുരുങ്ങിയത് 19ഓളം കുട്ടികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ യുഎസ്സില്‍ വ്യാപക പ്രതിഷേധം. കണക്ടികട്ട് ന്യൂടൗണില്‍ സാന്‍ഡി ഹുക്ക് എലമെന്ററി സ്‌കൂളില്‍ സമാനമായ സാഹചര്യത്തില്‍ 20 കുട്ടികളും 6 മുതിര്‍ന്നവരും കൊല്ലപ്പെട്ടശേഷം നടക്കുന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവയ്പ് ദുരന്തമാണ് ഇന്നലെ നടന്നത്.

വെടിയേറ്റ് മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. 18 കുട്ടികളെന്നും 19 കുട്ടികളെന്നും പല റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, ഈ കണക്കില്‍ കൊലപാതകിയും ഉള്‍പ്പടെന്നുണ്ടോയെന്നും ഉറപ്പില്ല. വെടിയുതിര്‍ത്ത 18കാരനെ പോലിസ് സംഭവസ്ഥലത്തുവച്ചുതന്നെ വെടിവച്ചുകൊന്നിരുന്നു.

വെടിവയപ് നടന്ന മണിക്കൂറുകള്‍ക്കുളളില്‍ നടന്ന പ്രക്ഷേപണത്തില്‍ പ്രസിഡന്റ് ബൈഡന്‍ തോക്ക് നിയമം കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രമെന്ന നിലയില്‍ നാം എന്നാണ് തോക്ക് ലോബിക്കെതിരേ നിവര്‍ന്നുനില്‍ക്കുന്നത്? ഇവര്‍ക്കെതിരേ എന്താണ് ചെയ്യാന്‍ പോകുന്നത്? ഈ കൂട്ടക്കൊലയ്‌ക്കൊപ്പം നാം എന്തിനാണ് ജീവിച്ചുപോകുന്നത്?- ബൈഡന്‍ ചോദിച്ചു.

കൂട്ടക്കൊലക്കെതിരേ വ്യാപകമായ പ്രതിഷേധം രാജ്യത്താസകലം ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാര്‍ മുതര്‍ യുഎസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് അംഗങ്ങളും വിവിധ രംഗങ്ങളില്‍ പ്രശസ്തരായ അമേരിക്കക്കാരും സംഭവത്തെ അപലപിച്ചു.

'കര്‍ത്താവേ, മതി. ചെറിയ കുട്ടികളും അവരുടെ ടീച്ചറും. സ്തംഭിച്ചുപോയി. ദേഷ്യം വന്നു. ഹൃദയം തകര്‍ന്നു.'- പ്രസിഡന്റിന്റെ ഭാര്യ ജില്‍ ബൈഡന്‍ പ്രതികരിച്ചു.

തോക്ക് ലോബിക്കെതിരേ നടപടിയെടുക്കാത്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ മുന്‍ പ്രസിഡന്റ് ഒബാമ ആഞ്ഞടിച്ചു.

''സാന്‍ഡി ഹുക്കിലെ വെടിവയ്പ് കഴിഞ്ഞ് പത്ത് വര്‍ഷത്തിനുശേഷം നമ്മുടെ രാജ്യം ഭയത്താലല്ല, ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ ധൈര്യം കാണിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളാല്‍ തളര്‍ന്നുകിടക്കുകയാണ്. നടപടിയെടുക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു- ഒബാമ പറഞ്ഞു.

കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ തലത്തിലെ അധികാരികള്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ നടപടിയെടുക്കണമെന്ന് മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അഭിപ്രായപ്പെട്ടു. 

Tags:    

Similar News