ടെക്‌സസിലെ പരമോന്നത അക്കാദമിക് ബഹുമതി ഇന്ത്യൻ വംശജൻ അശോക് വീരരാഘവന്

Update: 2024-02-26 07:58 GMT


ടെക്സസ് (യു.എസ്): ടെക്സസിലെ ഏറ്റവും ഉയര്‍ന്ന അക്കാദമിക് ബഹുമതിക്കര്‍ഹനായി ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍. കമ്പ്യൂട്ടര്‍ എന്‍ജിനീയറും പ്രൊഫസറുമായ അശോക് വീരരാഘവനാണ് എന്‍ജിനീയറിങ്ങിലെ എഡിത്ത് ആന്‍ഡ് പീറ്റര്‍ ഒ'ഡൊണല്‍ അവാര്‍ഡിന് അര്‍ഹനായത്. ചെന്നൈ സ്വദേശിയാണ് അശോക് വീരരാഘവന്‍.

റൈസ് യൂണിവേഴ്‌സിറ്റി, ജോര്‍ജ്ജ് ആര്‍ ബ്രൗണ്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പ്രൊഫസറായി ജോലി ചെയ്തുവരുകയാണ് . ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകള്‍ക്കാണ് ബഹുമതി ലഭിച്ചത്. ഈ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും റൈസ് യൂണിവേഴ്‌സിറ്റി, കമ്പ്യൂട്ടേഷണല്‍ ഇമേജിങ് ലാബിലെ നിരവധി വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും കഴിഞ്ഞ ദശകത്തില്‍ നടത്തിയ നൂതന ഗവേഷണത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍യിയോട് പ്രതികരിച്ചു.

വളര്‍ന്നുവരുന്ന ഗവേഷകര്‍ക്ക് ടെക്‌സസ് അക്കാദമി ഓഫ് മെഡിസിന്‍, എന്‍ജിനീയറിങ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, ബയോളജിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ടെക്‌നോളജി ഇന്നൊവേഷന്‍ എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടെക്സസിലെ ഗവേഷകര്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കുന്നു.







Tags:    

Similar News