കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം: റിമാന്‍ഡ് റിപോര്‍ട്ട് തയ്യാറാക്കിയ രണ്ട് എസ്‌ഐമാരെ സസ്‌പെന്റ് ചെയ്തു

ആലുവ സ്റ്റേഷനിലെ എസ്‌ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്‌പെന്റ് ചെയ്തത്.

Update: 2021-12-12 09:51 GMT

തിരുവനന്തപുരം: ആലുവയില്‍ മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ തീവ്രവാദ ആരോപണമുന്നയിച്ച് റിമാന്‍ഡ് റിപോര്‍ട്ട് തയ്യാറാക്കിയ രണ്ട് എസ്‌ഐമാരെ സസ്‌പെന്റ് ചെയ്തു. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ എസ് ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഢലക്ഷ്യത്തോടെയാണ് പരാമര്‍ശം എഴുതി ചേര്‍ത്തതെന്നും അന്വേഷണ റിപോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ആലുവ പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലാണ് വിവാദപരാമര്‍ശം എഴുതി ചേര്‍ത്തത്. 

സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍,അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപോര്‍ട്ടിലാണ് പോലിസിന്റെ വിവാദമായ പരാമര്‍ശം. മൊഫിയ കേസില്‍ ആലുവ സിഐ എസ്എല്‍ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് ദിവസം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതെ തുടര്‍ന്ന് സിഐയെ സസ്‌പെന്റ ചെയ്തു.

അതേസമയം, പോലിസ് ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നായിരുന്നു ആലുവ പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.

കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ 1,4,5 പ്രതികളാണിവര്‍. എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസ് രണ്ടാം പ്രതിയും എടത്തല സ്വദേശി സഫ്‌വാന്‍ മൂന്നാം പ്രതിയുമാണ്.

ജലപീരങ്കിയുടെ മുകളില്‍ കയറി നിലക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണം, ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പോലിസ് റിപോര്‍ട്ട്.

സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിലൊന്നും തീവ്രവാദബന്ധമോ മറ്റെന്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ പോലിസ് സംശയം ഉന്നയിച്ചിട്ടില്ല.

പോലിസിന്റെ തീവ്രവാദ പരാമര്‍ശം വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, പോലിസ് റിപോര്‍ട്ട് തള്ളി പ്രതിഷേധിച്ചവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പോലിസ് പരാമര്‍ശത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകള്‍

ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളുടെ പേരു കണ്ട് അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ എഴുതിവെച്ച പോലിസ് ഉദ്യോഗസ്ഥരോട്, 'മുസ്‌ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോട് വേണ്ട.

ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍എസ്എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല. നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും!


Tags: