തീവ്രവാദവും വിമോചന സമരവും;സിപിഎമ്മിന്റേത് പഴകി ദ്രവിച്ച പരിച

കെ റെയില്‍ വിരുദ്ധ സമരത്തെ തീവ്ര വാദമായി ചിത്രീകരിച്ച മന്ത്രി സജി ചെറിയാന്റെ ആരോപണവും വിമോചന സമരമായി വ്യാഖ്യാനിച്ച കോടിയേരിയുടെ പരാമര്‍ശവും കെ റെയില്‍ വിരുദ്ധ സമരത്തിന് കൂടുതല്‍ ആവേശമാണ് പകര്‍ന്നത്

Update: 2022-03-22 08:42 GMT

പിസി അബ്ദുല്ല

കോഴിക്കോട്: സര്‍ക്കാരിന്റെ ജന വിരുദ്ധതക്കെതിരായ സമരങ്ങളെ തീവ്രവാദ ബന്ധവും വിമോചന സമരവുമാക്കി ചിത്രീകരിച്ച് നേരിടുന്ന സിപിഎം തന്ത്രത്തിന് ഇത്തവണ കനത്ത തിരിച്ചടി. കെ റെയില്‍ വിരുദ്ധ സമരത്തെ തീവ്ര വാദമായി ചിത്രീകരിച്ച മന്ത്രി സജി ചെറിയാന്റെ ആരോപണവും വിമോചന സമരമായി വ്യാഖ്യാനിച്ച കോടിയേരിയുടെ പരാമര്‍ശവും കെ റെയില്‍ വിരുദ്ധ സമരത്തിന് ഫലത്തില്‍ കൂടുതല്‍ ആവേശമാണ് പകര്‍ന്നത്.

തീവ്രവാദ ബന്ധവും വിമോചന സമരവും പറഞ്ഞ് ജനകീയ സമരങ്ങളെ സിപിഎമ്മിന് ഇനി അടിച്ചമര്‍ത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് സജി ചെറിയാനും കോടിയേരിക്കുമെതിരായ ഇന്നത്തെ കടുത്ത പ്രതികരണങ്ങളില്‍ വ്യക്തമായത്.

ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം ശക്തമായ ഘട്ടത്തിലാണ് നേരത്തെ തീവ്രവാദ ബന്ധമാരോപിച്ച് സിപിഎം രംഗത്തു വന്നത്.സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദികളാക്കുകയും ഗെയ്ല്‍ സമരം ശക്തമായിരുന്ന മലപ്പുറത്തെ സിപിഎം നേതാക്കള്‍ തീവ്രവാദ ജില്ലയായി ആക്ഷേപിക്കുകയും ചെയ്തു. എറണാകുളം, തൃശൂര്‍ ജില്ലകളിലും ഗെയ്ല്‍ വിരുദ്ധ സമരം ശക്തമായിരുന്നു.എന്നാല്‍, ഈ രണ്ട് ജില്ലകളിലും സിപിഎം തീവ്രവാദ ആരോപണം ഉന്നയിച്ചില്ല.മലപ്പുറവും കോഴിക്കോടും ജനസാന്ദ്രതയേറിയ ജില്ലകളായതിനാല്‍ അവിടങ്ങളില്‍ ഗെയ്ല്‍ വിരുദ്ധ സമരം രൂക്ഷമായത് സ്വാഭാവികം. ആ യാഥാര്‍ഥ്യത്തെയും സമരത്തെയും തീവ്രവാദ മുദ്ര ചാര്‍ത്തി വേട്ടയാടുകയാണ് ഒന്നാം പിണറായി സര്‍ക്കാരും സിപിഎമ്മും ചെയ്തത്.

മുസ്‌ലിം ഭൂരിപക്ഷ, ജന സാന്ദ്രതാ മേഖലകളില്‍ ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരായ സമരത്തെയും തീവ്രവാദ ബന്ധം ആരോപിച്ചാണ് സിപിഎമ്മും സര്‍ക്കാരും നേരിട്ടത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ സമുദായങ്ങളെ അകറ്റി നേട്ടം കൊയ്ത സിപിഎമ്മിനും സര്‍ക്കാരിനും കെ റെയില്‍ വിരുദ്ധ സമരത്തില്‍ കണക്കു കൂട്ടലുകള്‍ പിഴക്കുന്നു എന്നതും ശ്രദ്ധേയമാണ്. കടുത്ത മുസ്‌ലിം വിരുദ്ധതയാല്‍ യുഡിഎഫിനെ കൈവിട്ട് ഇടതു മുന്നണിയെ സഹായിച്ചവര്‍ കെ റെയില്‍ സമരത്തില്‍ സാമുദായികമായി തന്നെ സര്‍ക്കാരിനെതിരേ രംഗത്തു വന്നതാണ് ചങ്ങനാശ്ശേരിയില്‍ കണ്ടത്. ബിഷപ്പ് അടക്കമുള്ളവര്‍ അവിടെ സമര രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. അതിന്റെ ആഘാതമാണ് കോടിയേരിയുടെ വിമോചന സമര പരാമര്‍ശത്തില്‍ പ്രതി ഫലിച്ചത്. അത് ബാലന്‍സ് ചെയ്യാനാണ് മന്ത്രി സജി ചെറിയാന്‍ തീവ്രവാദ പരാമര്‍ശം നടത്തിയതെന്നും വിലയിരുത്തപ്പെടുന്നു.

Tags:    

Similar News